National News

കെ.സി. ലിതാരയുടെ ആത്മഹത്യ: ആരോപണ വിധേയനായ കോച്ചിനെ സസ്പെന്‍ഡ് ചെയ്തു

Keralanewz.com

പട്ന: റെയില്‍വേയിലെ മലയാളി ബാസ്കറ്റ് ബോള്‍ താരം കെ.സി.ലിതാര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ കോച്ച്‌ രവി സിങ്ങിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തായി ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ ബീരേന്ദ്ര കുമാര്‍ അറിയിച്ചു.

എന്നാല്‍ സസ്പെന്‍ഷന്‍ ഉത്തരവില്‍ ലിതാരയുടെ ആത്മഹത്യ കേസ് പരാമര്‍ശിച്ചിട്ടില്ല. അനധികൃതമായി ജോലിക്കു ഹാജരാകുന്നില്ലെന്നതിന്റെ പേരിലാണ് സസ്പെന്‍ഷന്‍ നടപടി.

കോച്ച്‌ രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനം കാരണമാണു ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. രവി സിങ്ങിനെതിരെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യാ പ്രേരണ കുറ്റത്തിനു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വടകര വട്ടോളി കത്തിയണപ്പന്‍ ചാലില്‍ കരുണന്റെ മകളാണ് ലിതാര. കഴിഞ്ഞ മാസം 26നാണ് പട്നയിലെ ഫ്ലാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കേസന്വേഷണത്തിനു പട്ന ഡിവിഷനല്‍ പൊലീസ് ഓഫിസര്‍ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. രവി സിങ് ഒളിവിലാണെന്നു പൊലീസ് പറയുന്നു. ലിതാര ആത്മഹത്യ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു കത്തയച്ചു. കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്

Facebook Comments Box