Fri. May 10th, 2024

വിദേശജോലികള്‍ക്ക് ഇനി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; ഡ‍ിജിപിയുടെ ഉത്തരവ്

By admin May 13, 2022 #news
Keralanewz.com

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ മറ്റു കാര്യങ്ങള്‍ക്കോ ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്ന് ഡിജിപിയുടെ ഉത്തരവ്.

സംസ്ഥാനത്തിനകത്തെ ജോലികള്‍ക്കായി ‘കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല’ എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനേ പൊലീസിന് ഇനി കഴിയൂ. വിദേശത്തെ ജോലികള്‍ക്ക് ഗുഡ് കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് (ജിസിസി) നല്‍കുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജന്‍സികളിലൂടെ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഡിജിപി ഉത്തരവിറക്കിയത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കോ നല്‍കണം. അപേക്ഷിക്കുന്ന ആള്‍ തന്നെ അപേക്ഷ തയാറാക്കുന്നതായിരിക്കും ഉചിതം. അതിനു സാധിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ എഴുതി നല്‍കുന്ന സമ്മതപത്രം ഹാജരാക്കിയാല്‍ മറ്റുള്ളവര്‍ക്കും അപേക്ഷ സമര്‍പിക്കാം. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അപേക്ഷകന്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ബന്ധമില്ല.

അപേക്ഷകന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആള്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സര്‍ട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടച്ച്‌ സര്‍ട്ടിഫിക്കറ്റ് വാങ്ങാം. അപേക്ഷകന് ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്ബര്‍ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.

വിലാസം തിരിച്ചറിയാനായി ഇതിലേതെങ്കിലും രേഖയുടെ പകര്‍പ്പ് സമര്‍പിക്കണം: റേഷന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്. തിരിച്ചറിയല്‍ രേഖ: കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്. കേസുകളില്ലെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് അപേക്ഷിക്കാനുള്ള സാഹചര്യം വ്യക്തമാക്കുന്ന രേഖ.(ജോലിയുടെ പരസ്യം, സ്ഥാപനങ്ങളുടെ കത്ത്).

Facebook Comments Box

By admin

Related Post