Thu. May 9th, 2024

വരുന്നു ശക്തമായ മഴ; ‘വെള്ളപ്പൊക്ക മേഖലകളില്‍നിന്ന് ആളുകളെ മാറ്റണം; കണ്‍ട്രോള്‍ റൂം തുറന്നു’

By admin May 15, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വി.പി.ജോയ് വിളിച്ചത്.


മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളിലും കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പ്രശ്‌ന സാധ്യതാ സ്ഥലങ്ങളില്‍ പ്രത്യേക അലര്‍ട്ട് സംവിധാനം ഉണ്ടാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.


24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സ്ഥലത്തുനിന്ന് പമ്പ് ചെയ്തു വെള്ളം കളയാനുള്ള സംവിധാനം സജ്ജമാക്കണം. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണം. വേണ്ടിവന്നാല്‍ ക്യാംപ് ആരംഭിക്കണം. ഇവിടങ്ങളില്‍ ഭക്ഷണം, കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. വൈകിട്ട് ആറുമണിക്കു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച എട്ടു ജില്ലകളിലെ കലക്ടര്‍മാരും പങ്കെടുത്തു.


എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മുന്നറിയിപ്പ് വന്നതോടെ പൊലീസ് സജ്ജരായിരിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദേശം. ജില്ലാതാലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മുന്നൊരുക്കങ്ങളുടെ ചുമതല 2 എഡിജിപിമാര്‍ക്ക് നല്‍കി. 1912 എന്ന നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സിവില്‍ ഡിഫന്‍സ് അംഗങ്ങളെയും രക്ഷാപ്രവര്‍ത്തനത്തിന് ചേര്‍ക്കണമെന്ന് നിര്‍ദേശം നല്‍കി

Facebook Comments Box

By admin

Related Post