Thu. May 2nd, 2024

വിസ്മയ കേസില്‍ ഇന്ന് വിധി;പ്രതി കിരണിന് ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷകളേക്കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ഇങ്ങനെ

By admin May 23, 2022 #news
Keralanewz.com

കൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസില്‍ ഇന്ന് വിധി വരുമ്പോള്‍ പ്രതി കിരണ്‍ കുമാറിന് പരമാവധി പത്ത് വര്‍ഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടല്‍.എന്തെല്ലാം വകുപ്പുകളാണ് വിസ്മയയുടെ ഭര്‍ത്താവിനെതിരെ ചുമത്തിയിരിക്കുന്നത് എന്ന് പരിശോധിക്കാം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. അത് ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ഐപിസി 304 ബി
സ്ത്രീധന പീഡനത്തെ തുടര്‍ന്നുളള മരണത്തിന്റെ പേരിലാണ് ഈ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷത്തില്‍ കുറയാതെയുളള തടവോ അല്ലെങ്കില്‍ ജീവപര്യന്തമോ ആണ് ഈ വകുപ്പില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ

ഐപിസി 498 എ
സ്ത്രീധനത്തിന്റെ പേരിലുളള പീഡനത്തിനെതിരായ വകുപ്പ്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റം

ഐപിസി 306
ആത്മഹത്യാ പ്രേരണ കുറ്റം. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഐപിസി 306

ഐപിസി 323
ശാരീരികമായ ഉപദ്രവത്തിനെതിരായ വകുപ്പാണിത്. ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഒപ്പം പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാനാകും.

ഐപിസി 506
ഭീഷണിപ്പെടുത്തലിനെതിരെ ചുമത്തുന്ന വകുപ്പാണ് ഐപിസി 506. കുറ്റം തെളിയിക്കാനായാല്‍ രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും പ്രതിക്ക് ലഭിക്കാം

ഇതിനു പുറമേയാണ് സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളും കിരണ്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവു ശിക്ഷയും പിഴയും ഈടാക്കാവുന്ന കുറ്റമാണിത്.

ചുമയത്തിയിരിക്കുന്ന വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങളെല്ലാം തെളിയിക്കാനായാല്‍ പത്തു വര്‍ഷമെങ്കിലും തടവുശിക്ഷ പ്രതിയായ കിരണിന് ലഭിക്കുമെന്നുളള പ്രതീക്ഷയിലാണ് പ്രോസിക്യഷന്‍

ശാസ്ത്രീയ തെളിവുകളുടെ സമാഹരണമായിരുന്നു വിസ്മയ കേസ് അന്വേഷണത്തിലെ പ്രധാന വെല്ലുവിളിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാര്‍. അന്വേഷണ സംഘം സമാഹരിച്ച തെളിവുകള്‍ കോടതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.രാജ്കുമാര്‍ പറഞ്ഞു

വിസ്മയ കേസ്

ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.

എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് മാതൃകപരമായ ശിക്ഷ ലഭിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു. സാക്ഷികള്‍ കൂറ്മാറിയത് കേസ്സിനെ ബാധിക്കില്ല. മകള്‍ മാനസിക വേദന അനുഭവിച്ചു. സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് കിരണ്‍കുമാര്‍ മകളെ മര്‍ദിക്കുമായിരുന്നു. വിവാഹത്തിന് ശേഷവും കിരണ്‍കുമാര്‍ സ്ത്രിധനമായി പത്തലക്ഷം രൂപ ആവശ്യപ്പെട്ടു.

വിസ്മയക്ക് മര്‍ദനമേറ്റ പാടുകളുടെ ചിത്രങ്ങള്‍ അമ്മക്ക് അയച്ച് കൊടുത്തു. മര്‍ദനം കിരണ്‍ കുമാറിന്റെ സഹോദരിക്കും അറിയമാരുന്നവെന്ന് വിസ്മയയുടെ അമ്മ പറയുന്നു

Facebook Comments Box

By admin

Related Post