Thu. Apr 25th, 2024

നിശ്ചിത യോഗ്യതയുള്ളവരെ ഗസ്റ്റ് അധ്യാപകരാക്കണം ; യു ജി സി നിശ്ചയിക്കുന്ന വേതനം നൽകണം : മനുഷ്യാവകാശ കമ്മീഷൻ

By admin Jul 7, 2021 #news
Keralanewz.com

ആലപ്പുഴ:- യു ജി സി നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെ മാത്രം കോളേജുകളിൽ ഗസ്റ്റ് അധ്യാപകരായി നിയമിക്കണമെന്നും ഇവർക്ക് യു ജി സി നിർദ്ദേശിച്ചിട്ടുള്ള വേതനം ലഭ്യമാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. കേരളത്തിലെ കോളേജുകളിൽ ഗസ്റ്റ് അധ്യാപകരായി ജോലി ചെയ്യുന്നവർക്ക് സർക്കാരും യു ജി സി യും അംഗീകരിച്ചിട്ടുള്ള ശമ്പളം നൽകുന്നില്ലെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ജി. സാമുവൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, കേരള സർവകലാശാല, കൊച്ചി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും റിപ്പോർട്ട് വാങ്ങി. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരെയാണ് ഗസ്റ്റ് അധ്യാപകരായി നിയമിക്കുന്നതെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
യോഗ്യതയുള്ളവരുടെ അഭാവത്തിൽ യോഗ്യതയിൽ ഇളവ് നൽകാറുണ്ട്. ഇവരുടെ വേതനം 2018 ജൂലൈ 4 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നൽകുന്നത്. യു ജി സി യോഗ്യതയുള്ളവർക്ക് 1750 രൂപ നിരക്കിൽ പരമാവധി 43750 രൂപ നൽകും. യു ജി സി യോഗ്യതയില്ലാത്ത ഗസ്റ്റ് അധ്യാപകർക്ക് 1600 രൂപ നിരക്കിൽ പരമാവധി 43000 രൂപയാണ് നൽകുന്നത്. 2019 ജനുവരി 28 ന് യു ജി സി നൽകിയ കത്തിൽ വേതനം മണിക്കൂറിന് 1500 രൂപ നിരക്കിൽ പരമാവധി 50,000 രൂപ എന്നാണ് വ്യക്തമാക്കുന്നത്. സർക്കാർ നിയന്ത്രണമുള്ള കോളേജുകളിൽ യു ജി സി അംഗീകരിച്ച നിരക്കിൽ മാത്രമാണ് ശമ്പളം നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ നിയന്ത്രണമുള്ള കോളേജുകളിൽ മാത്രമാണ് യു ജി സി നിഷ്കർഷിച്ചിട്ടുള്ള വേതനം നൽകുന്നതെന്ന് കമ്മീഷൻ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് സംസ്ഥാനമൊട്ടാകെ യു ജി സി നിശ്ചയിക്കുന്ന വേതനം നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്.

Facebook Comments Box

By admin

Related Post