Fri. Apr 19th, 2024

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ വോട്ടുതേടൽ

By admin May 30, 2022 #news
Keralanewz.com

കൊച്ചി: തൃക്കാക്കരയിലെ ജനം ബൂത്തിലെത്താൻ ഇനി ബാക്കിയുള്ളത് ഒരു ദിവസം മാത്രം. മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് ഇന്നലെ കൊട്ടിക്കലാശമായി. പാലാരിവട്ടം ജം​ഗ്ഷനിലായിരുന്നു കൊട്ടിക്കലാശം. ഒരു മാസം നീണ്ടുനിന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളാണ്. നിശബ്ദ പ്രചാരണം ആണെങ്കിലും വരും മണിക്കൂറുകൾ മൂന്നു മുന്നണികൾക്കും അതി നിർണായകമാണ്. മുന്നണിയും സ്ഥാനാർഥികളും അവസാന വോട്ടും ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്.

നാളെ രാവിലെ ഏഴു മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ 7 30 മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്

തൃക്കാക്കര ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. പരമാവധി 20000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമാ തോമസിന് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കലാശക്കൊട്ടിൽ ഉണ്ടായ ജനപങ്കാളിത്തം യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് കരുത്തു പകരുന്നതാണ്.

താഴേത്തട്ടു മുതൽ നടത്തിയ അതിശക്തമായ പ്രചാരണം വോട്ടിംങ്ങിൽ പ്രതിഫലിക്കും എന്നാണ് എൽഡിഎഫിന്റെ കണക്കുകൂട്ടൽ. ബൂത്ത് അടിസ്ഥാനത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അട്ടിമറി വിജയം ഉറപ്പാണ് എന്നാണ് എൽഡിഎഫ് പറയുന്നത്. പി സി ജോർജ് വിഷയത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചു എന്നാണ് എൻഡിഎ വിലയിരുത്തൽ. ഒരു വിഭാഗം ക്രൈസ്തവ വോട്ടുകൾ ഒപ്പം നിർത്താൻ സാധിച്ചു എന്നാണ് പാർട്ടി കരുതുന്നത്.

ആകെ 196688 ആകെ വോട്ടർമാരാണ് തൃക്കാക്കര മണ്ഡലത്തിൽ ഉള്ളത്. 2478 കന്നി വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക. നൂറു വയസ്സിനു മുകളിലുള്ള 22 പേരും ബൂത്തിൽ എത്തും. 68336 വോട്ടർമാരാണ് 40 വയസ്സിന് താഴെയുള്ളവർ. തൃക്കാക്കരയിൽ കെ റെയിൽ പ്രധാന പ്രചാരണ ആയുധമായി എൽഡിഎഫ് വിനിയോഗിക്കാനുള്ള കാരണങ്ങളിൽ ഒന്ന് ഇതാണ്. യാത്രയുടെ ദുരിതം നേരിട്ട് അനുഭവിക്കുന്ന മെട്രോയുടെ ഗുണം അറിയുന്ന യുവ വോട്ടർമാരുടെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. 40 നും 49 വയസ്സിനും ഇടയിൽ പ്രായമുള്ള 40480 പേരും ഉണ്ട്. ഇത് കണക്കാക്കിയാൽ ഒരു ലക്ഷത്തിലേറെ ആളുകൾ നിത്യേന ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നവരും ഗതാഗത പ്രശ്നങ്ങൾ നേരിട്ട് അനുഭവിക്കുന്നവരുമാണ്. ഈ വിഭാഗത്തെ ഒപ്പം നിർത്താൻ ആണ് മുഖ്യമന്ത്രിയും എൽഡിഎഫും ശ്രമിച്ചത്. ഇത് അനുകൂലമായാൽ തൃക്കാക്കരയിൽ ചരിത്രം പിറക്കും

Facebook Comments Box

By admin

Related Post