ആലത്തൂർ (പാലക്കാട്) ∙ അങ്കണവാടികളോടനുബന്ധിച്ചുള്ള കൗമാര ക്ലബ്ബുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ വൈഫൈ എത്തുന്നു. തിരഞ്ഞെടുത്ത 1230 അങ്കണവാടികൾക്കാണ് ആദ്യ ഘട്ടത്തിൽ കണക്‌ഷൻ നൽകുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിൽ ‘വർണക്കൂട്’ കൗമാര ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. സെക്ടർ തലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അങ്കണവാടികളെയാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
ആദിവാസി, തീര മേഖലകൾ, സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളുള്ള പ്രദേശങ്ങൾ തുടങ്ങിയ മുൻഗണനകളും പരിഗണിക്കും. വർണക്കൂടിലെ കുട്ടികളുടെ പഠനമികവ് ഉയർത്തുക, പൊതുപരീക്ഷകൾ നേരിടാൻ പ്രാപ്തരാക്കുക, കൈത്തൊഴിൽ അടക്കമുള്ള വിഷയങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വൈഫൈ ലഭ്യമാക്കുന്നത്.
ഒരു അങ്കണവാടിക്ക് 2500 രൂപയാണ് ഫണ്ട്. 100 മീറ്റർ ചുറ്റളവിൽ ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക്കൽ നെറ്റ്‌വർക് ലഭ്യമല്ലെങ്കിൽ അധിക തുക പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തണം. അനുയോജ്യമായ പ്ലാൻ തിരഞ്ഞെടുത്ത് കണക്‌ഷൻ ലഭ്യമാക്കുന്നതിന് ബിഎസ്എൻഎല്ലിന്റെ സഹായം തേടാനും നിർദേശമുണ്ട്. പാലക്കാട് ജില്ലയിൽ 109 അങ്കണവാടികൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്