ചരിത്ര ഭൂരിപക്ഷം നേടി ഉമ തോമസ്; സെഞ്ചറി തൊടാതെ എൽ.ഡി.എഫ്
കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ചരിത്ര വിജയം. മണ്ഡലത്തിൽ ഇതുവരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഉമ നേടിയത്. 2011ൽ ബെന്നി ബഹനാൻ നേടിയ 22,406 വോട്ടിന്റെ ഭൂരിപക്ഷം ഉമ മറികടന്നു. 2021ൽ പി.ടി.തോമസിന്റെ 14,329 വോട്ടിന്റെ ലീഡ് ഉമ ആറാം റൗണ്ടിൽ മറികടന്നിരുന്നു. നൂറ് സീറ്റെന്ന എൽഡിഎഫ് മോഹത്തിന് ഇതോടെ മങ്ങലേറ്റു
അതിനിടെ, തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു ഫലം പ്രതീക്ഷിച്ചില്ല. ഇത്രയും ഭൂരിപക്ഷം വരുമെന്ന് കരുതിയില്ലെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു. ഉമയുടെ മുന്നേറ്റം ഭരണത്തിനെതിരായി വിലയിരുത്തലെന്ന് ലീഗ് പറഞ്ഞു. എൽഡിഎഫിന്റെ വിഭാഗീയത രാഷ്ട്രീയത്തിന് എതിരായ വിലയിരുത്തലെന്ന് സാദിഖലി ശിഹാബ് തങ്ങൾ വിലയിരുത്തി.
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തിൽ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരുന്നു