Kerala News

കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം

Keralanewz.com

കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്‌കരിക്കുന്നതിനായി കൊണ്ട് പോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം. കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് എറണാകുളത്തെ സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടു പോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിന് ഉള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യത്തിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരള എന്‍വയ്‌റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ( കെ ഇ ഐ എല്‍ ) അധികൃതര്‍ പറയുന്നത്.

കൂടിനുള്ളിലെ മാലിന്യം തൊഴിലാളികള്‍ വേര്‍തിരിക്കുമ്പോഴാണ് പ്ലാസ്റ്റിക് കവറിന് ഉള്ളില്‍ ആക്കിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കവറുകളുടെ ബാച്ച് നമ്പര്‍ പരിശോധിച്ചാണ് മാലിന്യം വേര്‍തിരിക്കുന്നത്. ഇതില്‍ നിന്നാണ് മെഡിക്കല്‍ കോളജില്‍ നിന്ന് ശേഖരിച്ച മാലിന്യ കവറിലാണ് മൃതദേഹം കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞത്. മാലിന്യങ്ങള്‍ക്കൊപ്പം കെട്ടിയ നിലയിലായിരുന്ന പ്ലാസ്റ്റിക് കവര്‍ ഉണ്ടായിരുന്നത്.

കുഞ്ഞിന്റെ തലയില്‍ നിറയെ മുടിയുണ്ട്. അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇത്തരത്തില്‍ വളര്‍ച്ചയെത്തിയ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി അയച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. പുറമേ നിന്ന് മൃതദേഹം കൊണ്ടിട്ടതായേക്കാനും സാധ്യതയുണ്ട്. ഈ സാധ്യതയും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തും എന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ടി കെ ജയകുമാര്‍ അറിയിച്ചു.

അതേസമയം കുഞ്ഞിന്റെ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഫോട്ടോ എടുത്ത ശേഷം ഇന്‍സിനറേറ്ററില്‍ സംസ്‌കരിക്കാന്‍ നിര്‍ദേശിച്ചതായി കേരള എന്‍വയ്‌റോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ( കെ ഇ ഐ എല്‍ ) അധികൃതര്‍ അറിയിച്ചു.

Facebook Comments Box