Kerala News

ആര്‍ ഡി ഒ കോടതിയിലെ സ്വര്‍ണമോഷണം: സാമ്ബത്തിക പ്രയാസം കാരണമെന്ന് മുന്‍ സൂപ്രണ്ട്

Keralanewz.com

തിരുവനന്തപുരം: ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിസ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെയാണ് പേരൂര്‍ക്കട പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ന് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

സാമ്ബത്തിക പ്രയാസം വന്നപ്പോഴാണ് തൊണ്ടിസ്വര്‍ണം മോഷ്ടിച്ചതെന്നാണ് പ്രതി പോലീസിനു നല്‍കിയ മൊഴി. വിശദമായ അന്വേഷണത്തില്‍ ചില സ്വകാര്യ സ്ഥാപനങ്ങളില്‍ ഇയാള്‍ വലിയ അളവില്‍ സ്വര്‍ണം പണയം വെച്ചെന്നും ചിലയിടത്തു സ്വര്‍ണം നേരിട്ടു വിറ്റെന്നും കണ്ടെത്തി.

അറസ്റ്റ് ചെയ്തതിന് ശേഷം തെളിവെടുപ്പിനായി ശ്രീകണ്ഠന്‍ നായരെ ബാലരാമപുരത്തെ ദേവീ ജൂവലറിയില്‍ എത്തിച്ചു. ഇവിടെ വിറ്റ സ്വര്‍ണ്ണം അന്വേഷണ സംഘം കണ്ടെത്തി. 93 ഗ്രാം സ്വര്‍ണമാണ് ബാലരാമപുരത്തെ ജൂവലറിയില്‍ പ്രതി വില്‍പ്പന നടത്തിയത്. കുറച്ചു സ്വര്‍ണം മംഗലത്തുകോണത്തെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെക്കുകയും ബാക്കിയുള്ള സ്വര്‍ണം പൂവാറില്‍ വില്‍പ്പന നടത്തുകയും ചെയ്‌തെന്നാണ് പ്രതിയുടെ മൊഴി. നെയ്യാറ്റിന്‍കരയിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടുണ്ട്.

ആര്‍.ഡി.ഒ കോടതിയില്‍നിന്ന് ആകെ 105 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 48,000 രൂപയുമാണ് കാണാതായത്. തൊണ്ടിമുതലുകളുടെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായി ഒരു വര്‍ഷത്തോളം ശ്രീകണ്ഠന്‍ നായര്‍ ജോലിചെയ്തിരുന്നു. ഇക്കാലയളവിലായിരുന്നു മോഷണം നടന്നത്.

പദവിയില്‍ നിന്ന് ഈ വര്‍ഷം വിരമിച്ചിരുന്നുവെങ്കിലും അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ശ്രീകണ്ഠന്‍ നായര്‍ പോലീസിന്റെ സംശയനിഴലിലായിരുന്നു. 2010 മുതല്‍ ആര്‍.ഡി.ഒ കോടതിയിലെ ലോക്കറിന്റെ ചുമതലക്കാരായ ഉദ്യോഗസ്ഥരെയും പിന്നീട് 2019 മുതല്‍ ചുമതല വഹിച്ച ഉന്നത ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് സീനിയര്‍ സൂപ്രണ്ടിലേക്കെത്തിയത്.

വകുപ്പു തലത്തില്‍ നടത്തിയ അന്വേഷണത്തിലും ഈ ഉദ്യോഗസ്ഥനാണ് സ്വര്‍ണം മോഷ്ടിച്ചതെന്നു കണ്ടെത്തിയിരുന്നു. 2021 ഫെബ്രുവരിയില്‍ തൊണ്ടിമുതലുകള്‍ സുരക്ഷിതമാണെന്ന് എ.ജി.യുടെ ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനുശേഷമാണ് ഇയാള്‍ ഘട്ടംഘട്ടമായി സ്വര്‍ണം മോഷ്ടിച്ചതെന്നു പോലീസ് പറയുന്നു.

ആത്മഹത്യപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോലീസ് സ്വര്‍ണം ആര്‍.ഡി.ഒ കോടതിക്കാണ് കൈമാറുന്നത്. മരിച്ചവരുടെ ആഭരണങ്ങള്‍ തിരികെ ലഭിക്കാന്‍ അവകാശികള്‍ രേഖാമൂലം ആര്‍.ഡി.ഒ.യ്ക്കു അപേക്ഷ നല്‍കുമ്ബോള്‍ അര്‍ഹത പരിശോധിച്ച്‌ ഉത്തരവിലൂടെ അത് മടക്കി നല്‍കും. മുരുക്കുംപുഴ സ്വദേശിയുടെ ആഭരണങ്ങള്‍ തിരികെ ലഭിക്കാന്‍ കുടുംബാംഗങ്ങള്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കാണാതായ വിവരം മനസ്സിലാകുന്നത്. തുടര്‍ന്ന് ആര്‍.ഡി.ഒ. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു നടത്തിയ പരിശോധനയില്‍ 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

Facebook Comments Box