‘ഓപ്പറേഷന്‍ റേസ്’ ഇന്ന് മുതല്‍ : നിയമം ലംഘിച്ചാല്‍ പിടിവീഴും
തിരുവനന്തപുരം: മോട്ടോര്‍ ബൈക്കുകളുടെ മല്‍സരയോട്ടത്തിനെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പിന്റെ രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്’ ഇന്ന് ആരംഭിക്കും.
ബൈക്ക് അഭ്യാസങ്ങളില്‍ യുവാക്കള്‍ മരണപ്പെടുന്ന സാഹചര്യം അടിക്കടി ഉണ്ടാകുന്നതിനു പിന്നാലെ കര്‍ശന നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഇന്ന് മുതല്‍ രണ്ടാഴ്‌ച സംസ്‌ഥാന വ്യാപകമായി കര്‍ശന പരിശോധനയുണ്ടാകും.
ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
കുറ്റകൃത്യം ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്‌തമാക്കി. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ ഓടിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസന്‍സും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
ദിവസങ്ങള്‍ക്ക് മുമ്ബാണ് തിരുവനന്തപുരം വിഴിഞ്ഞം ബൈപ്പാസില്‍ മല്‍സരയോട്ടത്തിനിടെ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. കൃതൃമായ ഇടവേളകളില്‍ പരിശോധനകള്‍ ഈ തുടരാനും മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്