Kerala News

ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മറ്റൊരു യുവതിയും മരിച്ച സംഭവം; തങ്കം ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തു

Keralanewz.com

പാലക്കാട്:  ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും മറ്റൊരു യുവതിയും മരിച്ച സംഭവത്തിൽ പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു. ആശുപത്രി ജീവനക്കാരുടെയും മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. രഞ്ജിത്ത് ഐശ്വര്യ ദമ്പതികളുടെ നവജാതശിശു, ഐശ്വര്യ, കോങ്ങാട് സ്വദേശി കാർത്തിക എന്നിവരുടെ മരണത്തിലാണ് പൊലീസ് നടപടി

തങ്കം ആശുപത്രിയില്‍ അമ്മയും കുഞ്ഞും മരിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു യുവതി കൂടി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചുവെന്നാരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ വീണ്ടും പരാതി വരുന്നത്. 

കോങ്ങാട് ചെറായ ചെറപ്പറ്റ സ്വദേശിനി കാര്‍ത്തികയാണ് (27) മരിച്ചത്. അനസ്‌തേഷ്യ നല്‍കുന്നതിനിടയില്‍ സംഭവിച്ച പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതുചൂണ്ടിക്കാട്ടി പാലക്കാട് സൗത്ത് പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു

നേരത്തെ മരിച്ച ഐശ്വര്യയുടെ കുടുംബം ഗുരുതരമായ ആരോപണമാണ് ആശുപത്രിക്കെതിരെ ഉയര്‍ത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ല. ഐഎംഎ നിലപാട് ഡോക്ടര്‍മാരെ സംരക്ഷിക്കാനാണ്. ഐശ്വര്യക്ക് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്നും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു

പൊലീസ് അന്വേഷണത്തിനെ സഹായിക്കാനുള്ള മെഡിക്കൽ ടീമിന്‍റെ പരിശോധനയും പുരോഗമിക്കുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡോക്ടർമാർ, ബന്ധുക്കൾ എന്നിവരുടെ മൊഴി, ചികിത്സാ രേഖകൾ  എന്നിവ പരിശോധിച്ചാകും ഇവർ പൊലീസിന് റിപ്പോർട്ട് കൈമാറുക.  നിലവിൽ അമ്മയുടേയും കുഞ്ഞിന്‍റെയും മരണത്തിൽ ഡോ. അജിത്, ഡോ. പ്രിയദർശനി എന്നിവരെ പൊലീസ് പ്രതി ചേർത്തിട്ടുണ്ട്

Facebook Comments Box