ജനകീയ ഡോക്ടർ സി.പി.എസ്.പിള്ള ഓർമ്മയായി
പൊൻകുന്നം: ഡോ.സി.പി.എസ്.പിള്ളയുടെ നിര്യാണത്തോടെ മലയോരമേഖലയ്ക്ക് നഷ്ടമാകുന്നത് അരനൂറ്റാണ്ടോളം പാവപ്പെട്ടവർക്ക് താങ്ങാനാകുന്ന ചെലവിൽ ചികിത്സയേകിയ ത്വക് രോഗ വിദഗ്ധനെ. ശനിയാഴ്ച രാത്രിയാണ് അദ്ദേഹം നിര്യാതനായത്. സംസ്‌കാരം തിങ്കളാഴ്ച പകൽ 2.30-ന് ചിറക്കടവ് ചാപ്പമറ്റത്തിൽ കുടുംബവളപ്പിൽ നടക്കും.
23 വർഷം മണക്കാട്ട് ഭദ്രാക്ഷേത്ര ദേവസ്വം പ്രസിഡന്റായി ക്ഷേത്രത്തിന്റെ വികസനത്തിന് നാന്ദികുറിച്ച നേതൃപാടവത്തിന് ഉടമകൂടിയായിരുന്നു ഡോ.സി.പി.എസ്.പിള്ള. ചിറക്കടവ് മഹാദേവക്ഷേത്രത്തിന് തെക്കേനടയിൽ ഗോപുരം നിർമിച്ച് സമർപ്പിച്ചതും ഇദ്ദേഹമാണ്. മണക്കാട്ട് ക്ഷേത്രത്തിന് പ്രൗഡിയേറ്റിയ കിഴക്കേ ഗോപുരവും ഇദ്ദേഹത്തിന്റെ സമർപ്പണം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചാപ്പമറ്റത്തിൽ തറവാടിനെ നിലനിർത്തി പഴമയുടെ സൗന്ദര്യം സൂക്ഷിക്കുകയും പഴയകാല ചുമടുതാങ്ങി സംരക്ഷിച്ച് ചരിത്രമറിയാൻ പുതുതലമുറയ്ക്ക് വഴിയൊരുക്കുകയും ചെയ്തു സി.പി.എസ്.പിള്ള. തീപിടിത്തത്തിൽ നിന്ന് രക്ഷപെടുവാൻ മച്ചിന് മുകളിൽ മൺതിട്ടയുള്ള വീടാണ് ചാപമറ്റം തറവാട്.
ചാപ്പമറ്റം കൃഷ്ണൻകുട്ടി എന്ന കൊമ്പന്റെ ഉടമസ്ഥത ഡോ.സി.പി.എസ്.പിള്ളയുടേതായിരുന്നു. ഉടമസ്ഥാവകാശം പിന്നീട് കൈമാറിയെങ്കിലും ജീവിതാവസാനം വരെ ആനപ്രേമിയായിരുന്നു അദ്ദേഹം. ഏതാനും വർഷം മുൻപ് കടപ്പാട്ടൂർ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് പോയപ്പോൾ ഇടിമിന്നലേറ്റ് കൊമ്പൻ ചരിഞ്ഞപ്പോൾ ഏറെക്കാലം ആ നൊമ്പരം അദ്ദേഹം പങ്കുവെയ്ക്കുമായിരുന്നു.
ചിറക്കടവ് ചാപ്പമറ്റത്തിൽ പരമേശ്വരൻപിള്ളയുടെയും പുറ്റുമണ്ണിൽ നാരായണിയമ്മയുടെയും മകനായി ജനിച്ച ശങ്കരപ്പിള്ള എന്ന സി.പി.എസ്.പിള്ള മണിപ്പാൽ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസും മദ്രാസ് മെഡിക്കൽ കോളേജിൽ ഡെർമറ്റോളജിയിൽ ഉപരിപഠനത്തിനും ശേഷം മംഗലാപുരം ഇ.എസ്.ഐ.ആശുപത്രിയിൽ സേവനം ചെയ്തു. പിന്നീട് നെന്മാറയിൽ ശ്രീഹരി ക്ലിനിക്ക് തുടങ്ങി. പിന്നീട് 1975 മുതൽ പൊൻകുന്നത്ത് ശ്രീഹരി ക്ലിനിക് നടത്തി വരികയായിരുന്നു