Kerala News

തിരുവനന്തപുരത്ത് വയോധിക കിണറ്റിൽ മരിച്ച നിലയിൽ

Keralanewz.com

തിരുവനന്തപുരം: കേശദാസപുരത്ത് വയോധിക മരിച്ച നിലയിൽ. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 60 വയസുള്ള മനോരമയാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കിട്ടിയത്. 

സമീപത്തെ വീട്ടിലെ കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം.      ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ കാണാനില്ല. കൊലപാതകമെന്ന് സംശയത്തെ തുടർന്ന് ഇയാൾക്ക് ഒപ്പം താമസിക്കുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനോരമയുടെ വീട്ടിൽ നിന്ന് 60,000 രൂപയും കാണാതെ പോയിരുന്നു. കാണാതായ ആദം അലിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.   ആദം അലി സ്ഥിരമായി ഒരു മൊബൈൽ നമ്പർ ഉപയോഗിക്കുന്നയാളല്ലെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്

ഇയാൾ അടിക്കടി സിം നമ്പറുകളും ഫോണുകളും മാറ്റുന്നയാളാണ്. ഇന്ന് വൈകീട്ട് നാല് മണിയോടെ വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവർ പറഞ്ഞു. മനോരമയും ഭർത്താവുമാണ് ഈ വീട്ടിൽ കഴിഞ്ഞിരുന്നത്. ഭർത്താവ് ഇന്ന് വർക്കലയിലെ മകളെ കാണാൻ പോയിരുന്നു. തിരിച്ചെത്തിയപ്പോൾ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് വീട്ടിൽ നിന്ന് പണവും കാണാതായെന്ന് കണ്ടെത്തിയത്

Facebook Comments Box