വൈദ്യുതി നിയമ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍
ന്യൂഡല്‍ഹി: കേരളത്തിന്റെയടക്കം എതിര്‍പ്പ് നിലനില്‍ക്കെ വൈദ്യുതി വിതരണ മേഖലയിലെ ലൈസന്‍സ് സംവിധാനം നീക്കി സ്വകാര്യ കമ്പനികള്‍ക്കു കൂടി അവസരം നല്‍കാനുള്ള നിയമഭേദഗതി ബില്‍ കേന്ദ്രം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. മുന്‍ പാര്‍ലമെന്റ് സമ്മേളനങ്ങളിലും ബില്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും അവതരിപ്പിച്ചിരുന്നില്ല.
ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. 2021 ഓഗസ്റ്റ് 5ന് ഭേദഗതി ബില്ലിനെതിരെ കേരള നിയമസഭ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. കേരളത്തിനു പുറമേ ബംഗാളും ബില്ലിനെ എതിര്‍ത്തിരുന്നു
വിതരണ മേഖലയില്‍ മൂലധനനിക്ഷേപവും മത്സരവും വര്‍ധിപ്പിക്കുകയാണു ബില്‍ കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഭേദഗതി പ്രാബല്യത്തില്‍ വന്നാല്‍ വിതരണരംഗത്തു സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ക്കുള്ള കുത്തക അവസാനിക്കും. ഏതു കമ്പനിക്കും വൈദ്യുതി വാങ്ങി വില്‍ക്കാം. ഉപയോക്താവിന് ഇഷ്ടമുള്ള സേവനദാതാവിനെ തിരഞ്ഞെടുക്കാം
വിതരണമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്കു നിയന്ത്രണം ഉറപ്പിക്കാന്‍ ഇത് വഴിയൊരുക്കുമെന്നാണു വിമര്‍ശനം. സ്വകാര്യ സംരംഭകരെ അനുവദിക്കാമെന്നും ലൈസന്‍സ് വേണ്ടെന്നുമാണു നിയമഭേദഗതിയിലുള്ളത്. കേന്ദ്ര സര്‍ക്കാരാണ് സ്വകാര്യ സംരംഭകരുടെ യോഗ്യത നിശ്ചയിക്കുക. സംസ്ഥാന സര്‍ക്കാരിനോ റഗുലേറ്ററി കമ്മിഷനോ ഈ സംരംഭകര്‍ക്കുമേല്‍ നിയന്ത്രണം ഉണ്ടാകില്ല
നിലവിലുള്ള വിതരണ സംവിധാനങ്ങള്‍ക്കും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിഹിതത്തിനും സ്വകാര്യ സംരംഭകര്‍ക്ക് അവകാശമുണ്ടായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും വൈദ്യുതി നല്‍കാനുള്ള ബാധ്യത ഉണ്ടാകില്ല. ഇക്കാരണത്താല്‍ ഇത്തരം കമ്പനികള്‍ നഗരമേഖലകളില്‍ മാത്രം കേന്ദ്രീകരിക്കും. സര്‍ക്കാരിന്റെ വിതരണകമ്പനികള്‍ക്ക് ഇത് നഷ്ടമുണ്ടാക്കാനും ഗ്രാമീണ മേഖലകള്‍ക്ക് ലഭിക്കുന്ന ക്രോസ് സബ്‌സിഡി അടക്കമുള്ള കാര്യങ്ങളില്‍ അനിശ്ചിതത്വം ഉണ്ടാകാനും ഇടയുണ്ട്.
പുതിയ കമ്പനികള്‍ക്ക് നിലവിലുള്ള വിതരണശൃംഖല യഥേഷ്ടം ഉപയോഗിക്കാനും അവസരം നല്‍കിയേക്കും. ഈ ശൃംഖലയുടെ പരിപാലനച്ചുമതല പൊതുമേഖലയുടെ ഉത്തരവാദിത്തമായി മാറുകയും ചെയ്യും
വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യ സംരംഭകരുടെ കടന്നുകയറ്റം ഉണ്ടാകുന്നതോടെ ഗാര്‍ഹിക ഉപയോക്താക്കള്‍ അവഗണിക്കപ്പെടു!മെന്നും പൊതുമേഖലയിലെ വൈദ്യുതി സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു
കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വൈദ്യുതി അപ്രാപ്യമാക്കുന്നതാണു വൈദ്യുതി ഭേദഗതി ബില്ലെന്നും ഈ നീക്കത്തില്‍ നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം കരടു ബില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തിനായി ലഭിച്ചപ്പോള്‍, സര്‍ക്കാരിന്റെ അഭിപ്രായങ്ങളും ശക്തമായ വിയോജിപ്പും കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിരുന്നു
വൈദ്യുതി ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്നു നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരളത്തിലും ജോലി ബഹിഷ്‌കരിക്കുമെന്ന് ജീവനക്കാരുടെ സംഘടനകളുടെ ഏകോപന സമിതിയായ നാഷനല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് (എന്‍സിസിഒഇഇ) കേരള ഘടകം അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ ജോലികളിലും ബഹിഷ്‌കരണമില്ല