Kerala News

സിനിമയെ വെല്ലും രംഗങ്ങള്‍.! കോടതിയില്‍ എത്തിയ പ്രതിയെ തട്ടിക്കൊണ്ടു പോയി: മൂന്നംഗ സംഘം അറസ്റ്റില്‍

Keralanewz.com

കോഴിക്കോട്: കഞ്ചാവ് കേസില്‍ വിചാരണക്കായി കോടതിയില്‍ എത്തിയ പ്രതിയെ കോടതി വളപ്പില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഘത്തെ വടകര പൊലീസ് പിടികൂടി.

കണ്ണൂര്‍ ഇരിട്ടിയില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് അറസ്റ്റിലായത്. വടകര എന്‍.ഡി.പി.എസ് കോടതിയിലായിരുന്നു സിനിമയെ വെല്ലുന്ന രംഗങ്ങള്‍ അരങ്ങേറിയത്. കഞ്ചാവ് ഇടപാടിനായി നല്‍കിയ പണം തിരികെ കിട്ടാനാണ് സംഘം തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

തളിപ്പറമ്ബ് സ്വദേശിയായ ജാഫറിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. ജാഫര്‍ കോടതിയില്‍ എത്തുമെന്നറിഞ്ഞ ഇരിക്കൂറുകാരായ മുബഷീറും മനാഫും സഹീറും കോടതി വളപ്പില്‍ കാത്ത് നിന്നു. ‍ജാഫര്‍ വന്നതും കോടതി വരാന്തയില്‍ നിന്ന് ബലമായി പിടികൂടി കാറില്‍ കയറ്റി കൊണ്ടുപോക്കുകയായിരുന്നു. ജാഫറിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംസീറാണ് പൊലീസിനെ അറിയിച്ചത്. കാറിന്റ നമ്ബറും അതിലുള്ളവരെയും മനസിലാക്കിയ വടകര പൊലീസ് ഇരിക്കൂര്‍ പൊലീസിനെ വിവരം അറിയിച്ചു.

ഇതിനിടയില്‍ ജാഫറിന് സ്വന്തം ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാന്‍ പ്രതികള്‍ അനുവദിച്ചു. ഇതിലൂടെ പ്രതികളുടെ ലൊക്കേഷന്‍ കണ്ടെത്തിയ പൊലീസ് ഇരിക്കൂറില്‍ നിന്ന് സംഘത്തെ കസ്റ്റഡിയിലെടുത്തു. മുബഷീറാണ് ജാഫറിന് ഒന്നരലക്ഷം രൂപ കൊടുത്തത്. സഹീറിന്റേതാണ് തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍. ലഹരി കടത്തിയതിന് തളിപ്പറമ്ബ്,പാനൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മൂന്നു കേസുകളുണ്ട് ജാഫറിന്. ഇതിന്റ വിചാരണക്കാണ് വടകര കോടതിയിലെത്തിയത്

Facebook Comments Box