Mon. May 6th, 2024

മദ്യലഹരിയിൽ സ്വന്തം കാർ എന്ന് കരുതി മറ്റൊരു കാർ എടുത്തു, വാഹനത്തിനുള്ളിലിരുന്ന സ്ത്രീയെ കണ്ടപ്പോൾ സ്വന്തം കുടുംബം ആണെന്ന് തെറ്റിദ്ധരിച്ചു; കാർ ട്രാൻസ്ഫോമറിൽ ഇടിച്ചുകയറ്റിയ ആൾ പിടിയിൽ

By admin Aug 13, 2022
Keralanewz.com

കോട്ടയം: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ആൾക്ക് സ്വന്തം കാർ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ വഴിയിൽ കിടന്ന കാർ കണ്ട് തന്റേതെന്ന് കരുതി എടുത്തുകൊണ്ടു പോകുകയായിരുന്നു. കാറിലുണ്ടായിരുന്ന വീട്ടമ്മ ബഹളം വച്ചതോടെ പരിഭ്രമിച്ച ഇയാൾ വണ്ടി അടുത്തുള്ള ട്രാൻസ്ഫോർമറിൽ ഇടിച്ചു കയറ്റുകയായിരുന്നു. ചോറ്റാനിക്കര സ്വദേശിയായ അഷ്‌ലിക്കാണ് ഇന്നലെ രാത്രി അബദ്ധം പറ്റിയത്

ഭാര്യയേയും കുഞ്ഞിനെയും കാറിലിരുത്തി ബാറിന് സമീപമുള്ള കടയിൽ സാധനം വാങ്ങാൻ പോയ വ്യക്തിയുടെ കാറാണ് ആഷ്‌ലി മാറി എടുത്തുകൊണ്ട് പോയത്. ഈ കാറിന് സമീപം തന്നെയായിരുന്നു ആഷ്‌ലിയുടെ കാറും കിടന്നിരുന്നത്. ഇത് തന്റെ കാറാണെന്ന് കരുതി തെറ്റിദ്ധരിച്ചാണ് എടുത്തതെന്നും കാറിൽ സ്ത്രീയേയും കുഞ്ഞിനെയും കണ്ടപ്പോൾ തന്റെ കുടുംബം ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തതായി ആഷ്‌ലി പൊലീസിനോട് പറഞ്ഞു

ആഷ്‌ലി കാർ എടുത്തതും കാറിലുണ്ടായിരുന്ന വീട്ടമ്മ ബഹളം വച്ചു. ഇത് കേട്ട് നാട്ടുകാർ ഓടികൂടുകയും ചെയ്തു. പരിഭ്രമിച്ച ആഷ്‌ലിക്കും എന്ത് ചെയ്യണമെന്ന് അറിയാതെ വന്നു. മുന്നോട്ടെടുത്ത കാറിന്റെ സ്റ്റിയറിംഗിൽ വീട്ടമ്മ കയറി പിടിച്ചതോടെ വണ്ടി നിയന്ത്രണം തെറ്റി അടുത്തുള്ള ട്രാൻസ്ഫോമറിൽ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചോറ്റാനിക്കര പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി ആഷ്‌ലിയെ അറസ്റ്റ് ചെയ്തു. കാറിന് സാരമായ കേടുപാടുകളുണ്ട്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സ്ത്രീക്കും പരിക്കുണ്ട്

Facebook Comments Box

By admin

Related Post