സർക്കാരിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ മന്ത്രി ഓഫീസുകളിൽ സി.പി.എമ്മിന് ബ്രാഞ്ച് കമ്മിറ്റികൾ
തിരുവനന്തപുരം : സർക്കാരിൽ പാർട്ടി നിയന്ത്രണം ശക്തമാക്കാൻ മുഖ്യമന്ത്രിയുടേതുൾപ്പെടെ സി.പി.എം. മന്ത്രിയുടെയും ഓഫീസിൽ പാർട്ടി ഘടകമായ ഓരോ ബ്രാഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. ഇടതുപക്ഷ സർക്കാരിൽ ആദ്യമായാണ് ഇത്തരമൊരു പരിഷ്‌കാരം സി.പി.എം. നടപ്പാക്കുന്നത്.
സി.പി.ഐ. മന്ത്രിമാരുടെ സ്റ്റാഫിൽ ഓരോ കൺവീനർമാരെ നിയോഗിച്ചിട്ടുണ്ടെന്നത് മാത്രമാണ് പാർട്ടിതലത്തിലുള്ള ഇടപെടൽ. സർക്കാരിൽ പാർട്ടിയുടെ ‘സെൽഭരണം’ എന്ന പേരുദോഷം ഉണ്ടാകരുതെന്ന് മന്ത്രിമാരുടെ സ്റ്റാഫിന് നേരത്തേ സി.പി.എം. നിർദേശം നൽകിയിരുന്നു. ഇപ്പോൾ സർക്കാർതലത്തിൽ ‘പാർട്ടി സെൽ’ രൂപവത്കരിച്ചാണ് സി.പി.എം. രാഷ്ട്രീയ ഇടപെടൽ നടത്തുന്നത്.
സർക്കാർ സർവീസിന് പുറത്തുള്ളവരിൽ പാർട്ടി അംഗത്വമുള്ളവരെ മാത്രമാണ് സി.പി.എമ്മും സി.പി.ഐ.യും മന്ത്രിമാരുടെ സ്റ്റാഫിൽ നിയമിച്ചിട്ടുള്ളത്. പാർട്ടി അംഗങ്ങൾ അവരുടെ പ്രാദേശിക ഘടകത്തിൽത്തന്നെ തുടരുന്ന രീതിയായിരുന്നു ഇതുവരെ. ഓരോ മന്ത്രിയുടെ ഓഫീസിലും പത്തിലധികം പേർ പാർട്ടി അംഗത്വമുള്ളതിനാൽ, ആ ഓഫീസ് കേന്ദ്രീകരിച്ച് ഒരു ബ്രാഞ്ച് രൂപവത്കരിച്ചു. ഇത് എ.കെ.ജി. സെന്ററിനു കീഴിലുള്ള ബ്രാഞ്ചായി പ്രവർത്തിക്കും.
പാർട്ടി നിർദേശങ്ങളും ഭരണപരമായ ഉത്തരവാദിത്വങ്ങളും റിപ്പോർട്ട് ചെയ്യുന്നവിധത്തിൽ എല്ലാ മന്ത്രി ഓഫീസ് ബ്രാഞ്ചുകളുടെയും യോഗം ഒരുമിച്ചാണ് ചേർന്നിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് യോഗം ചേരാറുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പൊളിറ്റക്കൽ സെക്രട്ടറികൂടിയായിരുന്ന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ഇതുവരെയുള്ള യോഗങ്ങളിൽ പാർട്ടി റിപ്പോർട്ടിങ് നടത്തിയിട്ടുള്ളത്. രണ്ടാം പിണറായി സർക്കാരിന്റെകാലത്ത് മന്ത്രിമാരുടെ സ്റ്റാഫുകളിൽ പാർട്ടി നിയന്ത്രണം കൊണ്ടുവരാൻ സി.പി.എം. തീരുമാനിച്ചിരുന്നു. പ്രൈവറ്റ് സെക്രട്ടറിമാരായി മുതിർന്ന പാർട്ടി നേതാക്കളെ മാത്രം നിയോഗിച്ചാൽ മതിയെന്ന് നിശ്ചയിച്ചത് അങ്ങനെയാണ്. ധന-വ്യവസായ മന്ത്രിമാരുടെ കാര്യത്തിൽ മാത്രമാണ് ഇതിൽ ഇളവുനൽകിയത്.
എറണാകുളം സംസ്ഥാന സമ്മേളനത്തിനുശേഷമാണ് മന്ത്രി ഓഫീസ് കേന്ദ്രീകരിച്ച് പാർട്ടി ബ്രാഞ്ച് രൂപവത്കരിക്കാനുള്ള തീരുമാനമെടുത്തത്.
പ്രൈവറ്റ് സെക്രട്ടറിമാർ എല്ലാമാസവും സ്റ്റാഫ് അംഗങ്ങളുടെ യോഗം വിളിച്ചുചേർക്കണമെന്ന് പാർട്ടി നിർദേശമുണ്ട്. ഇത് രണ്ടാം പിണറായി സർക്കാരിൽ നടപ്പാക്കിയ പരിഷ്‌കാരമാണ്. ചില മന്ത്രിമാരും ഇതിൽ പങ്കെടുക്കാറുണ്ട്