മകന്‍ പഠിക്കാത്തതിന് രക്ഷിതാവ് അധ്യാപികയെ ക്ലാസില്‍ കയറി തല്ലി
തന്റെ മകന്‍ പഠനത്തില്‍ വളരെ മോശം ആണെന്ന് ആരോപിച്ച് രക്ഷിതാവ് ക്ലാസ് എടുത്തു കൊണ്ടിരുന്ന അധ്യാപികയെ ക്ലാസ് മുറിയില്‍ കയറി മര്‍ദ്ദിച്ചു.
തമിഴ്നാട്ടിലാണ് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വച്ച് അധ്യാപികയ്ക്ക് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. മദ്യപിച്ചെത്തി സ്കൂളില്‍ അതിക്രമം കാണിച്ചതിനും അധ്യാപികയെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതിനും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു
പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയെയാണ് അവരുടെ ക്ലാസിലെ ഒരു കുട്ടിയുടെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചത്. വനകങ്ങാട് സ്വദേശി ചിത്രവേല്‍ ആണ് തന്റെ മകന്‍ പഠിക്കാത്തതിന് ഏക കാരണം അധ്യാപികയാണെന്ന് ആരോപിച്ച് ക്ലാസ് മുറിയില്‍ കയറി അഴിഞ്ഞാട്ടം നടത്തിയത്.
ചിത്രാ ദേവി ക്ലാസ് മുറിയില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്ബോഴാണ് ചിത്രവേല്‍ അവിടേക്ക് കയറി വന്നത്. ക്ലാസ് മുറിയില്‍ എത്തിയ ഇയാള്‍ തന്‍റെ മകന്‍റെ പഠന കാര്യത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചു. പഠനത്തിലെ മകന്‍റെ അവസ്ഥ പറഞ്ഞുകൊണ്ടിരിക്കെ ഇയാള്‍ അധ്യാപികയോട് കയര്‍ത്തു. മകന്‍ പഠനത്തില്‍ മോശമാകാന്‍ കാരണക്കാരി ടീച്ചര്‍ മാത്രമാണെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം. അതോടെ ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമായി. ഇതിനിടയില്‍ ക്ഷുഭിതനായി ചിത്ര വേല്‍ ക്ലാസ് മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. വീണ്ടും അപ്രതീക്ഷിതമായി ക്ലാസ് മുറിയിലേക്ക് തിരികെ എത്തിയ ഇയാള്‍ അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വച്ചായിരുന്നു ഇയാള്‍ അധ്യാപികയെ മര്‍ദ്ദിച്ചത്.
തുടര്‍ന്ന് മറ്റ് അധ്യാപകരെത്തിയാണ് ഇയാളെ പിടിച്ചു മാറ്റിയത്. ഇയാള്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് അധ്യാപകര്‍ പറഞ്ഞു. അധ്യാപികയുടെ പരാതിയില്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു