Sat. May 18th, 2024

പ്ലസ്ടുവിനൊപ്പം ലേണേഴ്‌സും; റോഡ് നിയമം പഠനവിഷയമാക്കും

By admin Sep 17, 2022 #news
Keralanewz.com

തിരുവനന്തപുരം: പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ്.

ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതിയില്‍ ലേണേഴ്‌സ് ലൈസന്‍സിനുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്താനാണ് ശുപാര്‍ശ. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് തയാറാക്കിയ കരിക്കുലം അടുത്ത ആഴ്ച വിദ്യാഭ്യാസവകുപ്പിന് കൈമാറും. സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം.

പ്ലസ്ടു ജയിക്കുന്ന ഏതൊരാള്‍ക്കും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിനൊപ്പം ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് പദ്ധതി. ഇതിനുവേണ്ടി പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ റോഡ് നിയമവും ഗതാഗത നിയമവും ഉള്‍പ്പെടെ ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ കാര്യങ്ങളെല്ലാം പഠിപ്പിക്കും. ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ കരിക്കുലം തയാറാക്കി. ഇത് ഗതാഗതമന്ത്രി ആന്റണി രാജു 28ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കൈമാറും.

സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ കേന്ദ്ര വാഹന ഗതാഗത നിയമത്തിലടക്കം മാറ്റം വരുത്തണം. അതിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാനമായും രണ്ടു നേട്ടങ്ങളാണ് വകുപ്പ് കാണുന്നത്. ഒന്ന്, ലേണേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നേടുന്നതില്‍ നിലവിലുള്ള ക്രമക്കേടുകള്‍ അവസാനിപ്പിക്കാം. മറ്റൊന്ന്, റോഡ് നിയമങ്ങളേക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ തന്നെ ബോധവാന്‍മാരാവുകയും ചെയ്യും

Facebook Comments Box

By admin

Related Post