Fri. Apr 26th, 2024

ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കുടുക്കി മുന്‍ ഭര്‍ത്താവ്

By admin Sep 25, 2022 #news
Keralanewz.com

ചെന്നൈ: ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ മുന്‍ ഭര്‍ത്താവ് കുടുക്കി. തമിഴ്‌നാട്ടിലെ നാമക്കലിലാണ് വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27) പിടിയിലായത്. യുവതി നേരത്തെ വിവാഹം കഴിച്ച പരമത്തിവെലൂര്‍ സ്വദേശി ധനബാലാ(37)ണ് ഇവരെ കൈയോടെ പിടികൂടിയതെന്നും യുവതിക്കൊപ്പം മറ്റുമൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്‍.ഗൗതം(26) ജയവേല്‍(30) ധനലക്ഷ്മി(45) എന്നിവരെയാണ് സന്ധ്യയ്‌ക്കൊപ്പം പോലീസ് പിടികൂടിയത്. ഇതില്‍ ധനലക്ഷ്മി വിവാഹബ്രോക്കറാണെന്നും മറ്റുരണ്ടുപേര്‍ യുവതിയുടെ ബന്ധുക്കളെന്ന വ്യാജേന എത്തിയവരാണെന്നും പോലീസ് പറഞ്ഞു.

പിടിയിലായ സന്ധ്യ, ഇതുവരെ ആറ് വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെന്ന വ്യാജേന ചിലരെ സംഘടിപ്പിച്ചെത്തി യുവാക്കളെ വിവാഹം കഴിക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ വരന്റെ വീട്ടില്‍നിന്ന് പണവും ആഭരണങ്ങളുമായി മുങ്ങുകയും ചെയ്യുന്നതായിരുന്നു യുവതിയുടെ രീതി.

സെപ്റ്റംബര്‍ ഏഴാം തീയതിയാണ് സന്ധ്യയും പരമെത്തിവെലൂര്‍ സ്വദേശിയായ ധനബാലും വിവാഹിതരായത്. വിവാഹബ്രോക്കറായ ബാലമുരുകന്‍ എന്നയാള്‍ വഴിയാണ് ധനബാലിന് സന്ധ്യയുടെ വിവാഹാലോചന വന്നത്. വിവാഹത്തിന് ശേഷം ബ്രോക്കര്‍ക്ക് മാത്രം കമ്മീഷനായി ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്നാംദിവസം സന്ധ്യയെ ധനബാലിന്റെ വീട്ടില്‍നിന്ന് കാണാതായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണങ്ങളും പണവുമായി മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ധനബാല്‍ യുവതിക്കെതിരേ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ധനബാലിന്റെ പരിചയത്തിലുള്ള മറ്റൊരാള്‍ക്ക് സന്ധ്യയുടെ വിവാഹാലോചന വന്നത്. മധുരയിലെ വിവാഹബ്രോക്കറായ ധനലക്ഷ്മി വഴിയായിരുന്നു ഈ ആലോചന. ബ്രോക്കര്‍ യുവതിയുടെ ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ കബളിപ്പിച്ച് കടന്നുകളഞ്ഞ ആളാണെന്ന് ധനബാലിന് മനസിലായി. ഇതോടെ തട്ടിപ്പുസംഘത്തെ പൂട്ടാനുള്ള തന്ത്രമൊരുക്കുകയായിരുന്നു.

വിവാഹത്തിന് താത്പര്യമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുസംഘത്തെ ധനബാലും കൂട്ടരും വിളിച്ചുവരുത്തിയത്. തുടര്‍ന്ന് വിവാഹം ഉറപ്പിക്കുകയും വെള്ളിയാഴ്ച സന്ധ്യ അടക്കം നാലുപേര്‍ നാമക്കലിലെ തിരുച്ചങ്ങോട്ടേക്ക് വിവാഹത്തിനായി വരികയുമായിരുന്നു. നവവധു അടക്കം നാലുപേരും കാറില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ ധനബാലും കൂട്ടരും ഇവരെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു

Facebook Comments Box

By admin

Related Post