Wed. Apr 24th, 2024

വ്യാജ അഭിഭാഷക സെസി സേവ്യർ ഡൽഹിയിലെന്നു സൂചന;അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി

By admin Jul 21, 2021 #news
Keralanewz.com

പരീക്ഷ ജയിക്കാത്തയാൾ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി.

സെസി സേവ്യർ എന്ന യുവതിയാണു പരീക്ഷ ജയിക്കാതെ രണ്ടരവർഷത്തോളം ആലപ്പുഴയിലെ കോടതികളിൽ പ്രാക്ടീസ് ചെയ്തത്.

ബാർകൗൺസിൽ ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം 2016-ൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുെട സൂക്ഷ്മ പരിശോധന നടത്താൻ തുടങ്ങിയെങ്കിലും ഇടയ്ക്കു നിലച്ചിരുന്നു. 1976 മുതലുള്ള സർട്ടിഫിക്കറ്റുകളുടെ പരിശോധനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. 60,000-ഓളം അഭിഭാഷകരാണു സംസ്ഥാനത്തുള്ളത്.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബാർ കൗൺസിൽ പ്രാഥമികമായി പരിശോധിക്കാറുണ്ട്. ആലപ്പുഴയിലെ യുവതി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരുന്നില്ല. അവരുടെ രജിസ്ട്രേഷൻ പരിശോധിക്കാതെ ബാർ അസോസിയേഷൻ അംഗത്വം കൊടുക്കുകയും ചെയ്തു. ഇതോടെ അവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വൻഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. തുടർന്ന് ലൈബ്രറിയുടെ ചുമതല വഹിക്കുകയായിരുന്നു. വിവിധ കോടതികളിലായി വക്കാലത്തെടുത്ത് കേസും നടത്തി. 25- ഓളം കമ്മിഷനുകൾക്ക്‌ റിപ്പോർട്ടും തയ്യാറാക്കി. പിന്നീടാണ് ഇവർ പരീക്ഷ ജയിച്ചില്ലെന്നു വ്യക്തമായത്.

കൊല്ലം, തൃശ്ശൂർ ജില്ലകൾ കേന്ദ്രീകരിച്ച് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നവരുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പരീക്ഷയെഴുതിയാൽ സർട്ടിഫിക്കറ്റ് നൽകും. ഇതുപയോഗിച്ച് പ്രോസിക്യൂട്ടർ വരെയാകാമെന്നു മോഹിപ്പിച്ചാണ് ഈ ലോബി പണംപറ്റുന്നത്. അടുത്തയിടെ അന്യസംസ്ഥാനങ്ങളിൽനിന്ന്‌ പഠിച്ചെത്തുന്നവരുടെ എണ്ണം വളരെക്കൂടി. ഒരുവർഷംതന്നെ ഇവരുൾപ്പെടെ 5000-ത്തിനും 6000-നും ഇടയിൽ അഭിഭാഷകരാണ് എൻറോൾ ചെയ്യുന്നത്. ഇവരുടെയെല്ലാം സർട്ടിഫിക്കറ്റ് എൻറോൾ ചെയ്യുന്നസമയത്ത് പെട്ടെന്നു നോക്കുകമാത്രമാണു ചെയ്യുന്നത്. ഇവർക്കു താത്‌കാലിക അംഗത്വമാണ് ആദ്യം നൽകുക. പിന്നീട്, ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ യോഗ്യതാ പരീക്ഷ പാസാകുമ്പോഴാണു പൂർണ അംഗത്വം നൽകുക.

ഇപ്പോൾ അംഗത്വം ലഭിച്ചിരിക്കുന്നവരുടെ സർട്ടിഫിക്കറ്റുകൾ അതതു സർവകലാശാലകളിലേക്കയച്ചു പരിശോധന തുടങ്ങിയിട്ടുണ്ട്. കോവിഡ് കാലമായതിനാൽ ഇതിനു സമയം കൂടുതലെടുക്കും.

വ്യാജ അഭിഭാഷക സെസി സേവ്യർ ഡൽഹിയിലെന്നു സൂചന

ആലപ്പുഴ: ബാർ അസോസിയേഷനെ കബളിപ്പിച്ച് ‘അഭിഭാഷക’യായി പ്രാക്ടീസ് ചെയ്ത സെസി സേവ്യർ ഡൽഹിയിലെന്നു സംശയം. അസോസിയേഷൻ പരാതിനൽകുമെന്നു മനസ്സിലാക്കിയ ഇവർ, നാടുവിട്ടെന്നാണു പോലീസ് സംശയിക്കുന്നത്.

രണ്ടരവർഷം ജില്ലാക്കോടതിയെ ഉൾപ്പെടെ കബളിപ്പിച്ച ഇവർക്കു മുൻകൂർജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്നു നിയമവിദഗ്ധർ പറയുന്നു. കേസിലെ വാദിഭാഗം ബാർ അസോസിയേഷനാണ്. കേസിന്റെ തെളിവുകൾ ജുഡീഷ്യറിയുടെ അധീനതയിലുമാണ്.

ബാർ അസോസിയേഷൻ ഭാരവാഹികൾ ജില്ലാജഡ്ജിയെ ഉൾപ്പെടെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ ചങ്ങനാശ്ശേരി സ്വദേശിയായ മുൻസുഹൃത്താണ് ഇവരുടെ തട്ടിപ്പു പുറത്താക്കിയതെന്നാണു സംശയിക്കുന്നത്. പരീക്ഷ പാസാകാതെയാണ് സെസി സേവ്യർ കോടതിയിൽ കോട്ടിട്ടുനടക്കുന്നതെന്ന് ഇയാൾ കത്തയക്കുകയായിരുന്നെന്നു പറയുന്നു. ഇവർതമ്മിൽ തെറ്റിയതാണു കാരണം.

പേരുവെക്കാതെ നൽകിയ കത്ത്, ബാർ അസോസിയേഷൻ ഭാരവാഹികൾ നോർത്ത് പോലീസിന്‌ കൈമാറിയിട്ടുണ്ട്.

Facebook Comments Box

By admin

Related Post