Fri. Apr 26th, 2024

പൊടിപടലങ്ങളുള്ള മദ്യം വീണ്ടും അരിച്ചെടുക്കും; കുപ്പിയിലാക്കുന്നതിന് തയാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റർ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും; ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി

By admin Jul 21, 2021 #news
Keralanewz.com

തിരുവല്ല: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി നൽകി എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു. മുമ്പ് കലക്കിവെച്ച മദ്യത്തിൽ പൊടിപടലങ്ങൾ കണ്ടെത്തിയതിനാലാണ് എക്‌സൈസ് വകുപ്പ് ജവാൻ റം നിർമാണം തടഞ്ഞത്.

പൊടിപടലങ്ങളുള്ള മദ്യം വീണ്ടും അരിച്ചെടുക്കും. കുപ്പിയിലാക്കുന്നതിന് തയാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റർ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും. ശേഷം ഈ ടാങ്ക് വൃത്തിയാക്കും. അരിച്ചെടുത്ത മദ്യത്തിന്റെ സാമ്പിൾ തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഷൻ ലാബിൽ പരിശോധനയ്ക്ക് അയയ്ക്കും.

ഉപഭോഗത്തിന് പാകമെന്ന് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കുപ്പിയിൽ നിറയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്ന് എക്‌സൈസ് കമ്മിഷണറുടെ ഓഫീസ് വിശദീകരിച്ചു. റം ഉത്‌പാദനം പുനരാരംഭിക്കുന്നതിനുള്ള അനുമതി കേരള ബിവറേജസ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിന് നൽകി.

ഇതോടെ നിർമാണവും വിതരണവും വേഗത്തിലാക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ വ്യക്തമാക്കി. ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിലേക്ക് കൊണ്ടുവന്ന സ്പിരിറ്റ് ചോർത്തി തട്ടിപ്പ് നടത്തിയ കേസിൽ ജനറൽ മാനേജരടക്കം ഉയർന്ന ഉദ്യോഗസ്ഥർ പ്രതി ചേർക്കപ്പെട്ടതോടെയാണ് ജവാൻ നിർമാണം പ്രതിസന്ധിയിലായത്.

മധ്യപ്രദേശിൽ പിടികൂടിയ ഏഴാംപ്രതി ആബ എന്നു വിളിക്കുന്ന സതീഷ് ബാൽചന്ദ്‌വാനിയുടെ അറസ്റ്റ് പുളിക്കീഴ് പോലീസ് രേഖപ്പെടുത്തി. സി.ഐ. ബിജു വി.നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചോദ്യംചെയ്ത് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാർ, സിജോ തോമസ്, അരുൺ കുമാർ എന്നിവർ റിമാൻഡിലാണ്.

ഉന്നതരെ പിടികൂടാനാകാതെ പോലീസ്

അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട മൂന്ന് ഉയർന്ന ഉദ്യോഗസ്ഥരെ പിടികൂടാനാകാതെ അന്വേഷണസംഘം. കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്‌സ് പി.ഏബ്രഹാം, പെഴ്സണേൽ മാനേജർ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർ ഒളിവിൽ തുടരുകയാണ്. കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും പ്രതികളെ കണ്ടെത്താൻ കാര്യമായ ശ്രമങ്ങൾ നടത്താതെ ഇവർക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ഒരുക്കുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്

Facebook Comments Box

By admin

Related Post