Thu. May 2nd, 2024

യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ തുടങ്ങും അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തില്‍ അധ്യയനം ഓണത്തിന് ; മന്ത്രി കെ. രാധാകൃഷ്ണന്‍

By admin Jan 15, 2023 #news
Keralanewz.com

അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തോട് അനുബന്ധിച്ച് അധ്യയനം ആരംഭിക്കുമെന്ന് പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി സന്ദര്‍ശിച്ചു വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം


മാസങ്ങള്‍ക്ക് മുന്‍പ് തറക്കല്ലിട്ട സ്‌കൂളിന്റെ നിര്‍മാണം വേഗത്തിലാണ് നടക്കുന്നത്. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍യുടേയും ജില്ലാ കളക്ടറുടെയും വാര്‍ഡ് അംഗത്തിന്റെയും മികച്ച ഏകോപനം ഇക്കാര്യത്തിലുണ്ട്. നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുത്ത കരാറുകാരനും ഉദ്യോഗസ്ഥരും വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ 52 കുട്ടികളാണ് അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂളില്‍ പഠിക്കുന്നത്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കുട്ടികളുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെയുള്ള സ്‌കൂളില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ കൂടി തുടങ്ങും. അതിന് കെട്ടിടത്തിന്റെ സൗകര്യങ്ങളും സ്ഥലത്തിന്റെ ലഭ്യതയും ഉയര്‍ത്തേണ്ടതുണ്ട്. കൂടുതല്‍ സ്ഥലം വനം വകുപ്പിനോട് ആവശ്യപ്പെടും. ഹോസ്റ്റല്‍ സൗകര്യം കൂടി അനുവദിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുമെന്നും നിലയ്ക്കലില്‍ ട്രൈബല്‍ സ്‌കൂള്‍ പൂര്‍ത്തിയാകുന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു


റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണ്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ശബരിമല വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, അട്ടത്തോട് ഗവ.ട്രൈബല്‍ സ്‌കൂള്‍ അധ്യാപിക ആശ നന്ദന്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു

Facebook Comments Box

By admin

Related Post