Fri. Mar 29th, 2024

കര്‍ഷകര്‍ക്ക് ആശ്വാസം; വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ ഹൈക്കോടതി അനുമതി

By admin Jul 23, 2021 #news
Keralanewz.com

കൊച്ചി: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പിടികൂടി കൊല്ലാന്‍ അനുമതി നല്‍കി ഹൈക്കോടതി. വയനാട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് വിധി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പാസാക്കിയത്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിലെ 11(1)(ബി) വകുപ്പ് പ്രകാരം കാട്ടുപന്നികളെ പിടികൂടി കൊല്ലാനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

കര്‍ഷകരെ പ്രതിനിധീകരിച്ച് അഭിഭാഷകരായ അലക്സ് എം. സ്‌കറിയ, അമല്‍ ദര്‍ശന്‍ എന്നിവര്‍ നല്‍കിയ റിട്ട് പെറ്റീഷന്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കാട്ടുപന്നികളുടെ ഉപദ്രവത്താല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങളെ വേണ്ട രീതിയില്‍ അഭിസംബോധന ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജ് പി.ബി. സുരേഷ് കുമാര്‍ പറഞ്ഞു.

‘കാട്ടുപന്നികളുടെ ആക്രമണങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ട് കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി പരാതിപ്പെടുന്ന കര്‍ഷകര്‍ക്ക് കാട്ടുപന്നികളെ പിടികൂടുന്നതിനായി നിര്‍ദേശം നല്‍കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കികൊണ്ട് ഉത്തരവിടുകയാണ്,’ കോടതി പറഞ്ഞു

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമത്തിലെ വകുപ്പ് 62 പ്രകാരം കാട്ടുപന്നികളെ കര്‍ഷകരെ ഉപദ്രവകാരിയായ മൃഗങ്ങളില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആറോളം കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു.
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലെ കര്‍ഷകരും കാട്ടുപന്നികളുടെ തുടര്‍ച്ചയായ ഉപദ്രവം കാരണം ദുരിതമനുഭവിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് അഭിഭാഷകനായ അമല്‍ ദര്‍ശന്‍ മുഖേന കാട്ടുപന്നികളെ ഉപദ്രവകാരികളായ കീടങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അപേക്ഷയില്‍ കോടതി സര്‍ക്കാരിനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു.

Facebook Comments Box

By admin

Related Post