Tue. May 7th, 2024

പഴയ വാഹന വില്‍പ്പനയ്ക്ക് ഇനി ലൈസന്‍സ് വേണം

By admin Sep 15, 2022 #news
Keralanewz.com

മുംബൈ: ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പന നിരീക്ഷിക്കാനും ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നുണ്ട്. വാഹന പുനര്‍വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റര്‍ചെയ്ത് ലൈസന്‍സ് എടുക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ഇത്തരം സ്ഥാപനങ്ങള്‍ ഒരു വാഹനം വില്‍ക്കുമ്പോള്‍ വിവരം അതത് സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പിനെ അറിയിച്ചിരിക്കണം. തുടര്‍ന്നുള്ള നടപടികളുടെ വിവരങ്ങളും കൈമാറണം. വാഹനം വിറ്റുകഴിഞ്ഞ് ഉടമസ്ഥാവകാശം മാറ്റിനല്‍കേണ്ട ചുമതലയും ഇവരുടേതായിരിക്കും


ഉപയോഗിച്ച വാഹനങ്ങളുടെ വിപണിയില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളോ നിയന്ത്രണങ്ങളോ നിലവിലില്ല. ഇത് വലിയതോതില്‍ പരാതികള്‍ക്ക് കാരണമാകുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ വില്‍പ്പനയ്ക്കുവരുന്നതും കൈമാറിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി മാറ്റാത്തതുമെല്ലാം പിന്നീട് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഉടമസ്ഥാവകാശം മാറ്റാതിരിക്കുമ്പോള്‍ വാങ്ങിയ ആള്‍ ഗതാഗതനിയമലംഘനം നടത്തിയാല്‍ പിഴയും ശിക്ഷയും പഴയ ഉടമയ്ക്കുവരുന്ന സംഭവങ്ങളുമുണ്ട്. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്


മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍വന്നാല്‍ ഓണ്‍ലൈന്‍ഓഫ്‌ലൈന്‍ വ്യത്യാസമില്ലാതെ വാഹനപുനര്‍വില്‍പ്പന നടത്തുന്നവരെല്ലാം രജിസ്‌ട്രേഷനെടുക്കേണ്ടിവരും. ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ഇവരുടെ ലൈസന്‍സ് റദ്ദാക്കും. പിഴയുള്‍പ്പെടെ നിയമനടപടികളും നേരിടേണ്ടിവരും.
വൈദ്യുതവാഹനങ്ങളുടെ വരവ് വാഹനപുനര്‍വില്‍പ്പന കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണി വികസിക്കുന്നതിനനുസരിച്ച് പരാതികളും കൂടാം.

അതുകൊണ്ടുതന്നെ ഈ രംഗത്ത് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. വാഹനകൈമാറ്റം കൃത്യമായി രേഖപ്പെടുത്തുന്നതിനും ഇടപാടുകള്‍ സുതാര്യമായിരിക്കാനും ഇതു സഹായിക്കും.
ഉപയോഗിച്ച കാറുകളുടെ വിലനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഇന്ത്യന്‍ ബ്ലൂ ബുക്കിന്റെ (ഐ.ബി.ബി.) റിപ്പോര്‍ട്ടില്‍ 202627 സാമ്പത്തികവര്‍ഷത്തോടെ ഇന്ത്യയിലെ വാഹനപുനര്‍വില്‍പ്പന വിപണി 80 ലക്ഷത്തിലെത്തുമെന്നു പറയുന്നു. പഴയ വാഹനങ്ങള്‍ വാങ്ങുന്ന വനിതകളുടെ എണ്ണവും ഉയരുകയാണ്. 2021-22 സാമ്പത്തികവര്‍ഷം പഴയവാഹനങ്ങള്‍ വാങ്ങിയതില്‍ 15 ശതമാനം പേര്‍ സ്ത്രീകളാണെന്ന് ഐ.ബി.ബി. റിപ്പോര്‍ട്ട് പറയുന്നു. മാത്രമല്ല, വാഹനനിര്‍മാതാക്കള്‍തന്നെ ഈ രംഗത്തേക്കു കടന്നുവന്നതോടെ വിപണി കൂടുതല്‍ വിശാലമാകുകയാണ്. എങ്കിലും പല ഡീലര്‍ഷിപ്പുകളിലെയും ഇടപെടലുകള്‍ അത്ര തൃപ്തികരമല്ലെന്ന് ആക്ഷേമുണ്ട്. ഈ സാഹചര്യത്തില്‍കൂടിയാണ് പുതിയ നിയന്ത്രണങ്ങള്‍ വരുന്നത്

Facebook Comments Box

By admin

Related Post