വീണ്ടും ഹണി ട്രാപ്പ് .ഇക്കുറി സീരിയൽ നടിയുടെ കെണിയിൽ കുടുങ്ങിയത് 75 കാരനായ റിട്ടയർഡ് ഉദ്യോഗസ്ഥൻ
കൊല്ലം പരവൂരിൽ ഹണി ട്രാപ്പിലൂടെ 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സീരിയൽ നടിയും ആൺ സുഹൃത്തും അറസ്റ്റിൽ .
പത്തനംതിട്ട ജില്ല , മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ തലക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത് . സർവ്വകലാശാല മുൻ ജീവനക്കാരനായ 75 കാരനാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.കഴിഞ്ഞ മെയ് 24നാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ഇരയായ ആളുടെ വീട് വാടകക്ക് ആവശ്യപ്പെട്ടാണ് അഡ്വ. നിത്യ ഫോണിൽ ബന്ധപ്പെട്ടത്. ഫോൺ ബന്ധം നിരന്തരം തുടരുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് വാടകക്കെടുക്കുന്നവീട്ടിൽ ഇവരെത്തുകയും വൃദ്ധനെ വിളിച്ചു വരുത്തുകയും ചെയ്തു. മുൻ നിശ്ചയ പ്രകാരം വീട്ടിൽ എത്തിയ ബിനു അവിടെ വെച്ച് ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും നടിയോടൊപ്പമുള്ള നഗ്ന ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 11 ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 25 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. കൊടുത്തില്ലെങ്കിൽ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കുമെന്നും ഭീഷണി തുടർന്നപ്പോഴാണ് ഗത്യന്തരമില്ലാതെ വൃദ്ധൻ പോലീസിനെ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പരവൂർ പോലീസ് ഉചിതമായ നടപടികൾ സ്വീകരിക്കുകയും , പണം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികളെ വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു. സമാനമായ മറ്റു കേസുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
