അപകടത്തില്‍ ഗുരുതര പരിക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് മരണത്തോട് മല്ലിട്ട് രണ്ടുപേര്‍, ഭയന്ന് മാറി നോക്കിനിന്ന് നാട്ടുകാര്‍; രക്ഷകരായി മന്ത്രി വിഎന്‍. വാസവനും ജെയ്ക് സി. തോമസും .
: കോട്ടയം: ഗുരുതര പരിക്കേറ്റ് റോഡില്‍ രക്തംവാര്‍ന്ന് അബോധാവസ്ഥയില്‍ കിടന്ന രണ്ടു പേര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍. വസവനും പുതുപ്പള്ളി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസും. എറണാകുളത്തെ തിരുവാങ്കുളം മാമല ഭാഗത്തായിരുന്നു ദാരുണ സംഭവം. തൃശൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ് കിടന്നവരെ രക്ഷിക്കാനാകാതെ ഭയന്ന് മാറി നില്‍ക്കുകയായിരുന്നു ഓടിക്കൂടിയവര്‍. ഈ സമയത്താണ് പുത്തന്‍കുരിശില്‍നിന്ന് കോട്ടയത്തേക്ക് മടങ്ങുകയായിരുന്ന മന്ത്രിയും സംഘവും ഇതുവഴിയെത്തിയത്. റോഡില്‍ രണ്ടുപേര്‍ രക്തംവാര്‍ന്നു കിടക്കുന്നതു കണ്ടതോടെ വാഹനം നിര്‍ത്തി വി.എന്‍. വാസവനും ജെയ്ക് സി. തോമസും അടുത്തേക്കെത്തുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
”ആദ്യത്തെ ആളെ ഞങ്ങള്‍ വാഹനത്തില്‍ കയറ്റി. ഇതോടെയാണ് അവിടെയുണ്ടായിരുന്ന ആളുകള്‍ രണ്ടാമത്തെയാളെ എടുത്ത് വാഹനത്തില്‍ കയറ്റാന്‍ ഞങ്ങള്‍ക്കൊപ്പം എത്തിയത്. ഇവരെ ഇടിച്ചിട്ട കാര്‍ അവിടെത്തന്നെയുണ്ടായിരുന്നു. അവര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല. അവരെക്കൂടി വാഹനത്തില്‍ കയറ്റിയാണ് രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ടു പേര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവനുണ്ടായിരുന്നു. അവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതിനുശേഷമാണ് യാത്ര തുടര്‍ന്നത്”- മന്ത്രി വി.എന്‍. വാസവന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ തുടര്‍ നടപടിയെടുക്കാനും മന്ത്രി പോലീസിനു നിര്‍ദേശം നല്‍കി.