9/11 ആക്രമണത്തിന് ഇന്ന് 22 വര്‍ഷം ; ആളുകളെ തിരിച്ചറിയല്‍ തുടരുന്നു
വാഷിങ്ടണ്‍ അമേരിക്കയിലെ ലോക വ്യാപാരകേന്ദ്രം (വേള്‍ഡ് ട്രേഡ് സെന്റര്‍) ആക്രമണത്തിന് തിങ്കളാഴ്ച 22 വര്‍ഷം. ഭീകരസംഘടനയായ അല്‍ഖായ്ദ റാഞ്ചിയ വിമാനങ്ങള്‍ 2001 സെപ്തംബര്‍ 11ന് ഇരട്ട ടവറുകളില്‍ ഇടിച്ചുകയറ്റുകയായിരുന്നു.
രാവിലെ 8.46ന് ഒരു അമേരിക്കൻ എയര്‍ലൈൻസ് വിമാനം കേന്ദ്രത്തിന്റെ നോര്‍ത്ത് ടവറിലും 9.03ന് രണ്ടാമത്തെ വിമാനം സൗത്ത് ടവറിലും ഇടിച്ചിറക്കി.
9.37ന്, മൂന്നാമത്തെ വിമാനം വാഷിങ്ടണ്‍ ഡിസിക്ക് സമീപം വിര്‍ജീനിയയിലെ ആര്‍ലിംങ്ടണില്‍ പെന്റഗണിണിന് സമീപം ഇടിച്ചിറക്കി. നാലാമത്തെ വിമാനമായ, യുണൈറ്റഡ് എയര്‍ലൈൻസ് ഫ്ലൈറ്റ് 93ലെ യാത്രക്കാര്‍ റാഞ്ചികളെ കീഴടക്കി ലക്ഷ്യത്തിലെത്തുന്നതില്‍നിന്ന് തടഞ്ഞു. ഏകദേശം 3000 ആളുകളാണ് മരിച്ചത്. ഒസാമ ബിൻ ലാദനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് അമേരിക്ക കണ്ടെത്തി. പാകിസ്ഥാനിലെ അബോട്ടാബാദില്‍ ഒളിവിലിരുന്ന ലാദനെ 2011 മേയില്‍ രണ്ടിന് അമേരിക്കൻ സൈന്യം വധിച്ചു.
ആളുകളെ തിരിച്ചറിയല്‍ തുടരുന്നു
ആക്രമണത്തില്‍ മരിച്ച മുഴുവൻ പേരുടെയും വിവരങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ഒരു പുരുഷനെയും സ്ത്രീയെയും തിരിച്ചറിഞ്ഞു. ഇതുവരെ തിരിച്ചറിഞ്ഞ 1648––ാമത്തെയും 1649––ാമത്തെയും വ്യക്തികളാണ് ഇവര്‍.