Kerala News

കൊച്ചിൻ ക്യാൻസര്‍ സെന്ററിന് ഉപകരണങ്ങള്‍ വാങ്ങാൻ 204 കോടി

Keralanewz.com

കളമശേരി കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച്‌ സെന്ററിന് ഉപകരണങ്ങള്‍ വാങ്ങാൻ 204 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി ബോര്‍ഡ്, ക്യാൻസര്‍ സെന്ററിന്റെ ആവശ്യം അംഗീകരിച്ചു.
കെട്ടിടനിര്‍മാണത്തിന് 2016ല്‍ 230 കോടി അനുവദിച്ചതുള്‍പ്പെടെ 434 കോടിയുടെ കിഫ്ബി സഹായമാണ് ഇതോടെ ക്യാൻസര്‍ സെന്ററിന് ലഭിക്കുന്നത്.

ക്യാൻസര്‍ സെന്ററിന് രോഗനിര്‍ണയം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്ക് നൂതന ഉപകരണങ്ങള്‍ക്കായി 2016ല്‍ 143 കോടി രൂപയാണ് വകയിരുത്തിയത്. ഉപകരണവിലയില്‍ വര്‍ധനയുണ്ടായത് പരിഗണിച്ച്‌ 61 കോടി രൂപകൂടി വര്‍ധിപ്പിച്ച്‌ 204 കോടി രൂപ അനുവദിക്കണമെന്നായിരുന്നു ക്യാൻസര്‍ സെന്ററിന്റെ ആവശ്യം. കിഫ്ബി ആറുമാസ ഇടവേളകളില്‍ 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെ മൂന്നുതവണകളായാണ് തുക അനുവദിക്കുക. റേഡിയേഷൻ തെറാപ്പി മെഷീൻ, എംആര്‍ഐ, സിടി, പെറ്റ് സിടി സ്കാനിങ് മെഷീനുകള്‍,
വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, വിവിധ ആവശ്യങ്ങള്‍ക്കുള്ള മോണിറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്. നേരത്തേ ക്യാൻസര്‍ സെന്റര്‍ കെട്ടിടനിര്‍മാണം, ലിഫ്റ്റ്, ഫര്‍ണിച്ചര്‍, വൈദ്യുതി, വെള്ളം, അനുബന്ധസൗകര്യം എന്നിവയൊരുക്കാൻ 230 കോടി രൂപ കിഫ്ബി ഫണ്ടില്‍നിന്ന് അനുവദിച്ചിരുന്നു.

കെട്ടിടനിര്‍മാണം അവസാനഘട്ടത്തിലാണ്. 16 ലിഫ്റ്റുകളുള്ളതില്‍ എട്ടെണ്ണം സ്ഥാപിച്ചു. റേഡിയേഷൻ ബങ്കര്‍ സ്ഥാപിച്ചു. ഈ വര്‍ഷം അവസാനത്തോടെ സെന്ററിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

Facebook Comments Box