Films

മമ്മൂട്ടിക്ക് ആ പേടിയില്ല, അങ്ങനെയൊരു കഥാപാത്രം ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചില്ല’

Keralanewz.com

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന ‘ഭ്രമയുഗം’ എന്ന സിനിമ മനപൂര്‍വം ഒഴിവാക്കിയതല്ലെന്ന് നടൻ ആസിഫ് അലി.
ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു താരം. ചിത്രത്തില്‍ അര്‍ജുൻ അശോകൻ ചെയ്യുന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ ആദ്യം സമീപിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ സിനിമയുടെ ചിത്രീകരണം നേരത്തെ ആക്കിയപ്പോള്‍ ഡേറ്റ് പ്രശ്‌നം വന്നതിനാല്‍ അവസരം നഷ്‌ടമായതാണെന്നും താരം പറഞ്ഞു.

പലര്‍ക്കും പരീക്ഷണ സിനിമകള്‍ ചെയ്യാൻ ഒരു പേടിയുണ്ടാകും. ആ പേടി മാറ്റി തന്ന ഒരാളാണ് മമ്മൂട്ടി. ‘ഭ്രമയുഗം’ വരാനിരിക്കുന്ന എക്‌സ്‌ട്ര ഓര്‍ഡിനറി മമ്മൂട്ടി ചിത്രമായിരിക്കും. അങ്ങനെ ഒരു കഥാപാത്രം അദ്ദേഹം ചെയ്യുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു.
‘റോഷാക് ചിത്രത്തിന് വേണ്ടി സംവിധായകൻ നിസാം സമീപിച്ചപ്പോള്‍ ആദ്യം ആശ്ചര്യം തോന്നി. കൂമൻ സിനിമയുടെ ലോക്കേഷനില്‍ വെച്ചാണ് റോഷക്കിന്റെ കഥ കേള്‍ക്കുന്നത്. രണ്ട് മണിക്കൂര്‍ നേരമെടുത്ത് സ്‌ക്രിപ്‌റ്റ് മുഴുവൻ കേട്ടു. ചിത്രത്തില്‍ ഏത് കഥാപാത്രത്തെ ആണ് ഞാൻ അവതരിപ്പിക്കേണ്ടതെന്ന് ആ സമയത്തും ഐഡിയ ഉണ്ടായിരുന്നില്ല. അപ്പോള്‍ ചിത്രത്തില്‍ ‘ദിലീപ്’ എന്ന കഥാപാത്രത്തെയാണ് ചെയ്യേണ്ടതെന്ന് പറയുന്നത്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാളുടെ ഐഡന്റിറ്റി എന്നു പറയുന്നത് മുഖമോ അല്ലെങ്കില്‍ ശബ്‌ദമോ ആയിരിക്കും ഇതു രണ്ടും ഈ സിനിമയില്‍ ഞാൻ ചെയ്‌ത കഥാപാത്രത്തിന് ഉണ്ടായിരുന്നില്ല. മാസ്‌ക് ധരിച്ചാണ് ആ സിനിമയിലെ കഥാപാത്രം ചെയ്‌തത്.
ആ കഥാപത്രം ചെയ്‌തത് ഞാ‌ൻ ആണെന്ന് പിന്നീട് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുമ്ബോള്‍ അങ്ങനെ എല്ലാവരും അറിയുമെന്നായിരുന്നു അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ എന്റെ കണ്ണ് കണ്ട് പ്രേക്ഷകര്‍ അത് ഞാൻ ആണെന്ന് മനസിലാ‌ക്കി. അത് എന്റെ ഇന്ന് വരെയുടെ സിനിമ ജീവിതത്തില്‍ വലിയൊരു അംഗീകാരമായി കാണുന്നു – ആസിഫ് അലി പറഞ്ഞു.

Facebook Comments Box