Kerala News

മൂന്നാറിലെ ഹോട്ടല്‍ ജീവനക്കാരന്റെ ആത്മഹത്യക്ക് കാരണം ഓണ്‍ലൈൻ ഗെയിം; ജയിച്ചിട്ടും പണം ലഭിച്ചില്ല

Keralanewz.com

മൂന്നാര്‍: ഇടുക്കിയില്‍ മൂന്നാറിലെ പള്ളിവാസലില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാരണമായത് ഓണ്‍ലൈൻ ഗെയിം.
ഓണ്‍ലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് സ്വദേശിയായ പി കെ റോഷൻ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റോഷന്റെ ആത്മഹത്യക്ക് പിന്നില്‍ ഓണ്‍ലൈന ഗെയിമാണെന്ന് കണ്ടെത്തിയത്.

കുറച്ചുനാളായി റോഷൻ നിരന്തരം ഓണ്‍ലൈൻ ഗെയിം കളിച്ചിരുന്നുവെന്നും ഇതുമൂലം കടുത്ത സാമ്ബത്തിക ബാധ്യത ഉണ്ടായെന്നും സഹപ്രവര്‍ത്തകര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി പണം ഉപയോഗിച്ച്‌ യുവാവ് റമ്മി കളിക്കുന്നത് ജീവനക്കാര്‍ കണ്ടിരുന്നു. ആദ്യം ഗെയിം കളിച്ച്‌ പണം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കളിച്ചുണ്ടാക്കിയ പണം കിട്ടാതായി.
ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്‍കാൻ ഓണ്‍ലൈൻ ഗെയിം നടത്തുന്നവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണം നല്‍കിയ ശേഷമായിരുന്നു റോഷന്റെ ആത്മഹത്യ.

ബുധനാഴ്ച രാത്രിയോടെയാണ് റോഷിനെ താമസസ്ഥലത്ത് കാണാതായത്. തുടര്‍ന്ന് പുലര്‍ച്ചെ ജീവനക്കാര്‍ നടത്തിയ തെരച്ചിലാണ് റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ റോഷിനെ കണ്ടെത്തിയത്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് റാണിപുരം പാറക്കല്‍ റെജി- റെജീന ദമ്ബതികളുടെ ഒറ്റ മകനാണ് ആത്മഹത്യ ചെയ്തത് പി കെ റോഷിൻ. കുറച്ചുനാളുകള്‍ക്കു മുമ്ബാണ് ഇയാള്‍ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിക്കായി എത്തിയത്.
അതിനിടെ കടമക്കുടിയില്‍ മക്കളെ കൊന്ന് ദമ്ബതികള്‍ ആത്മഹത്യ ചെയ്തത്തിന് കാരണം ഓണ്‍ലൈൻ ലോണ്‍ ആപ്പിന്റെ ഭീഷണി മൂലമെന്ന് പൊലീസ് കണ്ടെത്തി. ലോണ്‍ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ചുള്ള ഭീഷണി സന്ദേശങ്ങള്‍ യുവതിയുടെ ഫോണില്‍ നിന്ന് പൊലീസിന് ലഭിച്ചു. ഓണ്‍ലൈൻ ലോണ്‍ തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ ബന്ധുക്കളുടെ ഫോണിലേക്ക് അയച്ചു എന്നാണ് പൊലീസ് പറയുന്നത്. മരണ ശേഷവും ദമ്ബതികളെ ലോണ്‍ ആപ്പുകള്‍ വെറുതെ വിട്ടിട്ടില്ല. മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോ അയച്ച്‌ ലോണ്‍ ആപ്പുകളുടെ ഭീഷണി തുടരുകയാണ്. മരിച്ച നിജോയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്ന് രാവിലെയും തങ്ങളുടെ ഫോണുകളില്‍ എത്തിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Facebook Comments Box