Kerala News

കണ്ണൂര്‍:മലയോരത്ത് കാട്ടാനക്കലിയില്‍ ഒരു മനുഷ്യ ജീവന്‍ കൂടി പൊലിഞ്ഞു. ഉളിക്കലില്‍ ആന ഓടിയ വഴിയില്‍ മൃതദേഹം കണ്ടെത്തി.

Keralanewz.com

ഉളിക്കല്‍ ടൗണിന് സമീപമുള്ള ലറ്റിന്‍ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയില്‍ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68) മരിച്ചത്. ഉളിക്കലില്‍ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കാല്‍പ്പാടുകള്‍ നിരീക്ഷിച്ച വനപാലകര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

ബുധനാഴ്ചയാണ് (11.10.2023) ഉളിക്കല്‍ ടൗണില്‍ ആന എത്തിയത്. മുന്‍കരുതലിന്റെ ഭാഗമായി ഉളിക്കലില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു. വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. മാട്ടറ വഴിയാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.

നേരത്തെ ഉളിക്കല്‍ ടൗണിലെ പള്ളിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ച ഭാഗത്തേക്കായിരുന്നില്ല ആന നീങ്ങിയത്. ഇതിനു ശേഷം മഴ പെയ്തതിനാല്‍ തുരത്തല്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടുവെങ്കിലും രാത്രിയോടെ കര്‍ണാടക വനാതിര്‍ത്തിയിലേക്ക് കടത്തി വിടുകയായിരുന്നു.

നേരത്തെ ആനയെ തളയ്ക്കാന്‍ മയക്കു വെടിവയ്ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും പകല്‍ സമയമായതിനാല്‍ പ്രായോഗികമല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഉളിക്കല്‍ ടൗണില്‍ കാട്ടാനയെ കാണാനായി പ്രദേശവാസികളായ നൂറു കണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ഇവരെ പിന്‍ തിരിപ്പിക്കാന്‍ വനം വകുപ്പും പൊലിസും ശ്രമിച്ചിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. ജനപ്രവാഹം തടയുന്നതിനായി ഉളിക്കല്‍ ടൗണിലെ വിവിധ വഴികള്‍ എക്‌സൈസ് അടച്ചിരുന്നു.

എന്നാല്‍ ലറ്റിന്‍ പള്ളിക്ക് സമീപത്തുള്ള പാലത്തിലും സമീപപ്രദേശങ്ങളിലും ആളുകള്‍ കൂട്ടമായി തിങ്ങി നില്‍ക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ടു കാട്ടാന വിറളി പൂണ്ട് ഓടിയടുത്തതിനാലാണ് ആറു പേര്‍ക്ക് പരുക്കേറ്റത്. സജീവ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വന്‍ സംഘം സ്ഥലത്ത് കാംപ് ചെയ്തിരുന്നു. ഉളിക്കല്‍ പൊലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Facebook Comments Box