ഉച്ചകഴിഞ്ഞുള്ള യാത്രകള്‍ ശ്രദ്ധിക്കണം; മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് മലയോര മേഖലകളിലേക്കുള്ള യാത്ര ശ്രദ്ധിച്ച് വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മേഖലയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് കുറയും.
ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടക തീരങ്ങളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് കേരളത്തിലും മഴ തുടരുന്നത്. വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ കനക്കുന്ന സാഹചര്യത്തില്‍ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.