2016 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്’;വില്‍ സ്മിത്തും ജെയ്ഡയും വിവാഹമോചിതരാകുന്നു
കഴിഞ്ഞ ഓസ്കര്‍ പ്രഖ്യാപനച്ചടങ്ങില്‍ ഏവരേയും ഞെട്ടിച്ച സംഭവമായിരുന്നു അവതാരകനായിരുന്ന ക്രിസ് റോക്കിനെ നടൻ വില്‍ സ്മിത്ത് വേദിയില്‍ കയറി തല്ലിയത്.
ഭാര്യ ജെയ്ഡ സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.
നടിയും അവതാരകയുമായ ജെയ്ഡ വര്‍ഷങ്ങളായി ലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണിത്. ജി.ഐ ജെയിൻ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തല മൊട്ടയടിച്ചാണ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറയുകയായിരുന്നു. ഈ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയില്‍ കയറി റോക്കിനെ തല്ലുകയും തന്റെ ഭാര്യയുടെ പേര് ഇനി വായ്കൊണ്ട് പറഞ്ഞുപോകരുതെന്ന് റോക്കിനെ താക്കീത് ചെയ്യുകയും ചെയ്തു.
എന്നാല്‍ 2016 മുതല്‍ താനും വില്‍ സ്മിത്തും പിരിഞ്ഞുതാമസിക്കുകയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ജെയ്ഡ. എൻബിസി ന്യൂസിലെ ഒരു സ്പെഷ്യല്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു ജെയ്ഡ. ഈ വേര്‍പിരിയല്‍ ആരാധകരോട് പറയാനുള്ള ശരിയായ മാര്‍ഗം കണ്ടെത്തുന്നതുവരെ സ്വകാര്യമായി സൂക്ഷിക്കാൻ തങ്ങള്‍ ഇരുവരും തീരുമാനിക്കുകയായിരുന്നെന്നും ജെയ്ഡ പറയുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി വിവാഹമോചിതരായിട്ടില്ല.
2020 ജൂലൈയില്‍ ജെയ്ഡ സ്മിത്തുമായുള്ള പ്രണയം ഗായകൻ ഓഗസ്റ്റ് അല്‍സിന തുറന്നുപറഞ്ഞിരുന്നു. ഇതോടെയാണ് ജെയ്ഡയും വില്‍ സ്മിത്തും തമ്മില്‍ വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ വന്നത്. ഓഗസ്റ്റുമായുള്ള പ്രണയം ജെയ്ഡയും നിഷേധിച്ചിരുന്നില്ല. വില്‍ സ്മിത്തുമായുള്ള ബന്ധം തകര്‍ച്ചയിലെത്തിയ സമയത്താണ് ഓഗസ്റ്റുമായുള്ള ബന്ധം തുടങ്ങിയതെന്നും ജെയ്ഡ പറഞ്ഞിരുന്നു.
1997-ലാണ് വില്‍ സ്മിത്തും ജെയ്ഡയും വിവാഹിതരായത്. വില്ലോ സ്മിത്തും ജെയ്ഡൻ സ്മിത്തുമാണ് മക്കള്‍. 26 വര്‍ഷത്തെ ദാമ്ബത്യജീവിതത്തിനൊടുവില്‍ ഇരുവരും വൈകാതെ വിവാഹമോചനം നേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.