Travel

അമിതവേഗതയില്‍ എത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം: ഗുരുതരമായി പരുക്കേറ്റ നാലു പേര്‍ ആശുപത്രിയില്‍

Keralanewz.com

മംഗളൂരു: മംഗളൂരുവില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ വീതിയേറിയ ഫുട്പാത്തിലേക്ക് പാഞ്ഞു കയറി അഞ്ചുപേരെ ഇടിച്ചു തെറിപ്പിച്ചു.
സംഭവത്തില്‍ ഒരു യുവതി മരിക്കുകയും നാല് പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കമലേഷ് ബല്‍ദേവ് എന്നയാള്‍ അശ്രദ്ധമായി ഓടിച്ച വെളുത്ത ഹ്യുണ്ടായ് ഇയോണ്‍ കാറാണ് അപകടമുണ്ടാക്കിയത്. മന്നഗുഡ്ഡ ജംഗ്ഷന് സമീപം ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അമിത വേഗതയില്‍ നിയന്ത്രണം വിട്ട് പിന്നില്‍ നിന്ന് വന്ന കാര്‍ ആദ്യം നാലുപേരെ ഇടിക്കുകയും പിന്നീട് ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ പാഞ്ഞുകയറുകയും ചെയ്തു. ഇതിനിടെ ഓടി മാറാൻ ശ്രമിച്ച മറ്റൊരു സ്ത്രീയെയും ഇടിക്കുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. അപകടശേഷം സ്ഥലത്ത് നിന്ന് പോയ കമലേഷ്, വാഹനം ഒരു കാര്‍ ഷോറൂമിന് സമീപത്ത് പാര്‍ക്ക് ചെയ്ത ശേഷം, പിതാവിനൊപ്പം പൊലീസിന് മുമ്ബാകെ ഹാജരായെന്നാണ് റിപ്പോര്‍ട്ട്.

വിവരം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഓട്ടോയില്‍ കയറ്റി ഉടൻ ആശുപത്രിയിലെത്തിച്ചു. മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇരുപത്തിമൂന്നുകാരിയായ രൂപശ്രീയാണ് അപകടത്തില്‍ മരിച്ചത്

Facebook Comments Box