750 കോടി രൂപയുടെ കറൻസി കേരളത്തിൽ നിന്നും പിടിച്ചു തെലുങ്കാനാ പോലീസ്
സംസ്ഥാനത്തെ പ്രധാന ദേശീയ പാതയിലൂടെ കോടിക്കണക്കിന് രൂപയുമായി പോകുന്ന ട്രക്ക് തെലങ്കാന പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. രാത്രി പത്ത് മണിയോടെയാണ് സംഭവം. വാഹനം പിടിച്ചെടുത്ത പൊലീസ് പണം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ഉന്നത അധികാരികളെയും വിവരം അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സസ്‌പെൻസ് പുറത്തായത്. കേരളത്തില്‍ നിന്നും ഹൈദരാബാദിലേക്ക് കൊണ്ടുപോയ യൂണിയൻ ബാങ്കിന്റെ പണമായിരുന്നു അത്. 750 കോടി രൂപയുടെ കറൻസിയാണ് ട്രക്കിലുണ്ടായിരുന്നത്.
ബുധനാഴ്ച തന്നെ നടപടിക്രമങ്ങള്‍ക്ക് ശേഷം ട്രക്ക് വിട്ടുനല്‍കിയെന്ന് തെലങ്കാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വികാസ് രാജ് അറിയിച്ചു. പണം യൂണിയൻ ബാങ്കിന്റേതാണെന്ന് ബോദ്ധ്യപ്പെട്ടതിന് പിന്നാലെയാണ് പണമടങ്ങിയ ട്രക്ക് വിട്ടുനല്‍കിയതെന്ന് അദ്ദേഹം അറിയിച്ചു. യൂണിയൻ ബാങ്ക്, റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടത്തിന് ശേഷമാണ് പണത്തിന്റെ ഉറവിടത്തെ കുറിച്ച് വ്യക്തമായത്.