ഡെപ്യൂട്ടി തഹസില്‍ദാരെ കൈയേറ്റം ചെയ്ത സംഭവം; മഞ്ചേശ്വരം എംഎല്‍എയ്ക്ക് തടവും , പിഴയും വിധിച്ച് കോടതി.
മഞ്ചേശ്വരം: മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിന് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കലുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാരെ കൈയേറ്റം ചെയ്തെന്ന കേസിലാണ് വിധി.
കാസര്‍ഗോഡ് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിവിധ വകുപ്പുകള്‍ പ്രകാരവും ശിക്ഷ വിധിച്ചത്. അതേസമയം കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഷ്റഫ് പറഞ്ഞു.
അഷ്‌റഫ് ഉള്‍പ്പെടെ നാലു പേര്‍ക്ക് കോടതി ഒരു വര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. അഷ്‌റഫിനെ കൂടാതെ ബഷീര്‍, അബ്ദുള്ള, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
2010 നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരു ചേര്‍ക്കല്‍ അപേക്ഷ പരിശോധനയില്‍ ബങ്കര മഞ്ചേശ്വരത്തു താമസിക്കുന്ന മൈസൂരു സ്വദേശി മുനാവുര്‍ ഇസ്മായിലിന്‍റെ അപേക്ഷ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. ദാമോദരൻ നിരസിച്ചിരുന്നു.
ഇതോടെ അഷ്‌റഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കൈയേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും കസേരകള്‍ വലിച്ചെറിയുകയും ചെയ്‌തെന്നാണ് കേസ്.