Mon. Apr 29th, 2024

കുട്ടികളില്‍ ആന്‌റിബയോട്ടിക് ഫലപ്രദമാകുന്നില്ല; ലോകാരോഗ്യസംഘടന രൂപരേഖ പുതുക്കണമെന്ന പഠന റിപ്പോർട്ടുമായി ലാന്‍സെറ്റ് .

By admin Nov 2, 2023
Keralanewz.com

ആന്‌റിബയോട്ടിക് റസിസ്റ്റന്‍സ് കുട്ടികളിലെ പല രോഗങ്ങളും ചികിത്സിക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നതായി ലാന്‍സെറ്റ് നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്

മെനിഞ്ചൈറ്റിസ്,ന്യുമോണിയ, സെപ്‌സിസ്, തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കായി ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന പല ആന്‌റിബയോട്ടിക്കുകളും 50 ശതമാനത്തില്‍ താഴെ മാത്രമേ ഫലപ്രദമാകുന്നുള്ളുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ആന്‌റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ആഗോള മാര്‍ഗനിര്‍ദേശങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ഇത് പുതുക്കേണ്ടതുണ്ടെന്നും ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്- സൗത്ത് ഈസ്റ്റ് ഏഷ്യ ജേണലിന്റെ പഠനം പറയുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലും പെസിഫിക്കിലുമാണ് ഈ പ്രശ്‌നം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ ആന്‌റിബയോട്ടിക് പ്രതിരോധത്തിന്റെ ഫലമായി ഓരോ വര്‍ഷവും ആയിരക്കണക്കിന് കുട്ടികളാണ് മരണപ്പെടുന്നതെന്ന് ഗവേഷകര്‍ പറഞ്ഞു.

മനുഷ്യരാശി നേരിടുന്ന ആഗോള പൊതുജനാരോഗ്യ ഭീഷണികളില്‍ ഒന്നാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തില്‍ ഓരോ വര്‍ഷവും മൂന്ന് മില്യന്‍ കുട്ടികളില്‍ സെപ്‌സിസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 5.7 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതില്‍ കൂടുതല്‍ മരണവും സംഭവിക്കുന്നത് ആന്‌റിബയോട്ടിക്കുകള്‍ ഫലവത്താകാത്തതുകൊണ്ടാണ്.

സെപ്‌സിസ്, മെനിഞ്‌ജൈറ്റിസ് രോഗങ്ങള്‍ക്കു കാരണമാകുന്ന സാധാരണ ബാക്ടീരിയകള്‍, ഈ രോഗങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ആന്‌റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് പഠനം പറയുന്നു. ആന്‌റിബയോട്ടിക് ഉപയോഗത്തിന്‌റെ രൂപരേഖ പുതുക്കേണ്ടതിന്‌റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്. 2013-ലാണ് ലോകാരോഗ്യസംഘടന ഏറ്റവും അവസാനമായി പുതുക്കിയിട്ടുള്ളത്.

നവജാതശിശുക്കളിലെ സെപ്‌സിസ്, മെനിഞ്‌ജൈറ്റിസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന സെഫ്ട്രിയാക്‌സോണ്‍ എന്ന ആന്‌റിബയോട്ടിക് മൂന്നു കുട്ടികള്‍ക്കു കൊടുത്തതില്‍ ഒരാളില്‍ മാത്രമാണ് ഫലം കണ്ടതെന്ന് പഠനം പറയുന്നു.

മള്‍ട്ടി ഡ്രഗ് റസിസ്റ്റന്‌റ് ഇന്‍ഫെക്ഷനും ആയിരക്കണക്കിന് കുട്ടികളിലെ മരണവും തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തിയേ മതിയാകൂവെന്ന് വില്യംസ് പറയുന്നു.

കുട്ടികളിലെ രോഗങ്ങള്‍ക്കു കാരണമാകുന്ന സാധാരണ ബാക്ടീരിയകള്‍ക്കുള്ള ആന്‌റിബയോട്ടിക് സംവേദനക്ഷമത അവലോകനം ചെയ്യുന്നതിനായി ഇന്ത്യയും ചൈനയും ഉള്‍പ്പടെ 11 രാജ്യങ്ങളില്‍ നിന്നുള്ള 6,648 ബാക്ടീരിയല്‍ അണുബാധ കേസുകള്‍ വിശകലനം ചെയ്തു.

നമ്മള്‍ വിചാരിക്കുന്നതിനെക്കാളും ഗുരുതരമാണ് ആന്‌റിബയോട്ടിക് റസിസ്റ്റന്‍സ് എന്ന അവസ്ഥയെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സിഡ്‌നി യൂണിവേഴ്സ്റ്റിയിലെ ഫീബ് വില്യംസ് മുന്നറിയിപ്പ് നല്‍കുന്നു.

Facebook Comments Box

By admin

Related Post