Tue. Apr 30th, 2024

ആശങ്കകൾക്ക് വിരാമം;സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികള്‍ 21 മുതല്‍

Keralanewz.com

തിരുവനന്തപുരം : സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണികള്‍ ഡിസംബര്‍ 21 മുതല്‍ ആരംഭിക്കും. 21ന് തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ക്രിസ്മസ് വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം നടക്കും.പൊതുജനങ്ങള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ക്രിസ്മസ് ചന്തകള്‍ ആരംഭിക്കുന്നത്.

ക്രിസ്മസ് വിപണിയിലേക്കുള്ള സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെൻഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. സബ്സിഡി ഇനങ്ങള്‍ ആയ 13 സാധനങ്ങള്‍ വിപണികളില്‍ നിന്ന് ലഭിക്കും.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശ്ശൂര്‍ ജില്ലാ ചന്തകളും തിരുവനന്തപുരത്തിന് പുറമേ ഉണ്ടാകും. സപ്ലൈകോയുടെ സംസ്ഥാനത്തെ 1600ഓളം ഔട്ട്ലെറ്റുകളില്‍ സാധനങ്ങളുടെ വില്‍പ്പന നടക്കും. ഹോര്‍ട്ടി കോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളും ജില്ലാ ചന്തകളില്‍ ഉണ്ടാകും.

സബ്സിഡി ഇതര സാധനങ്ങള്‍ക്ക് ഓണച്ചന്തകള്‍ക്ക് സമാനമായി ഓഫറുകള്‍ നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബര്‍ 30നാണ് ചന്തകള്‍ അവസാനിക്കുക. അതേസമയം സര്‍ക്കാര്‍ ക്രിസ്തുമസ് പുതുവത്സര ചന്തകള്‍ വേണ്ടെന്നു വെച്ചതായി ചില മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചത് വാസ്തവാവിരുദ്ധമാണ് എന്നും വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവകാലത്ത് നടത്തുന്ന സപ്ലൈകോ ചന്തകള്‍ക്ക് ഇത്തവണയും മാറ്റമില്ലെന്നും ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.

വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ക്രിസ്തുമസിന് റേഷൻ കട വഴി ആറു കിലോ അരി വീതം നല്‍കി തുടങ്ങിയതായും നീല കാര്‍ഡുകാര്‍ക്ക് കൂടിയ വിലയ്‌ക്ക് വാങ്ങി അധിക അരി ലഭ്യമാക്കുന്നതായും മന്ത്രി അറിയിച്ചു. 44 ലക്ഷം കാര്‍ഡ് ഉടമകള്‍ ശനിയാഴ്ച വരെയും റേഷൻ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Facebook Comments Box

By admin

Related Post