സ്വര്‍ണം എറിഞ്ഞ് വീഴ്ത്തി നീരജ്‌; ടോക്യോയില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ പുതുയുഗ പിറവി

Spread the love
       
 
  
    

ടോക്യോ: ആകാംക്ഷയോടെ കാത്തിരുന്ന കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതയെ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. ഇന്ത്യയ്ക്ക് ഒളിംപിക്സ് അത്‌ലറ്റിക്സിൽ ആദ്യ സ്വർണം. ജാവലിൻ ത്രോ പോരാട്ടത്തിലാണ് ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് സ്വര്‍ണം. ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര മാറി. 2008ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്. 

ഫൈനലില്‍ ആദ്യ ശ്രമത്തില്‍ നീരജ് കണ്ടെത്തിയത് 87.03. രണ്ടാം ശ്രമത്തില്‍ 87.58 എന്ന ദൂരമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.  മൂന്നാം ശ്രമത്തില്‍ 76.79 ആണ് നീരജിന് കണ്ടെത്താനായത്. 90ന് മുകളില്‍ ദൂരം കണ്ടെത്തിയിരുന്ന ലോക ഒന്നാം നമ്പര്‍ താരം ജര്‍മനിയുടെ ജൊഹനസ് വെറ്ററായിരുന്നു നീരജിന് മുന്‍പിലെ പ്രധാന വെല്ലുവിളി. ജൊഹനസ് വെറ്റര്‍ 85.30 ആണ് ആദ്യ ത്രോയില്‍ കണ്ടെത്തിയത്.  എന്നാല്‍ വെറ്ററിന് രണ്ടാമത്തെ അവസരത്തില്‍ കണ്ടെത്താനായത് 82.52 മാത്രം. 

ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. ഒരു സ്വര്‍ണം രണ്ട് വെള്ളി നാല് വെങ്കലം. ലണ്ടന്‍ ഒളിംപിക്‌സിലെ ആറ് മെഡലുകള്‍ എന്ന നേട്ടം ഇന്ത്യ ടോക്യോയില്‍ മറികടന്നു. 

യോഗ്യതാ റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ 86.65 എറിഞ്ഞാണ് നീരജ് ചോപ്ര ഫൈനല്‍ ഉറപ്പിച്ചത്. അണ്ടര്‍ 20 ലോക ചാമ്പ്യനും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ താരവുമാണ് നീരജ്. 2018 ഏഷ്യന്‍ ഗെയിംസില്‍ 80.75 എറിഞ്ഞായിരുന്നു നീരജിന്റെ സ്വര്‍ണ നേട്ടം. 88.07 ആയിരുന്നു നീരജിന്റെ സീസണിലെ മികച്ച ദൂരം. 

അത്‌ലറ്റിക്‌സില്‍ 1900ലാണ് ഇന്ത്യ ഇതിന് മുന്‍പ് ഒരു മെഡല്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്ന് ഇന്ത്യക്ക് വേണ്ടി നോര്‍മന്‍ പ്രിച്ചാര്‍ഡ് എന്ന ബ്രിട്ടീഷ് താരമാണ് മത്സരിച്ചത്. ബ്രിട്ടീഷ് ഇന്ത്യക്കായി 200 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയാണ് പ്രിച്ചാര്‍ഡ് നേടിയത്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര. 

Facebook Comments Box

Spread the love