National News

ശബരിമലയിൽ അഭൂതപൂർവ്വമായ തിരക്ക് ;ജനസാഗരത്തിൽ വീര്‍പ്പുമുട്ടി ശബരിമല .

Keralanewz.com

ശബരിമല: ഈ തീര്‍ഥാടന കാലത്തെ ഏറ്റവും വിലയ ഭക്‌തജന തിരക്കിനാണ്‌ ഇന്നലെ സന്നിധാനം സാക്ഷ്യം വഹിച്ചത്‌. മുന്‍കാലങ്ങളില്‍ തങ്കയങ്കി കടന്നു വരുന്ന സമയങ്ങളില്‍ വലിയ നടപ്പന്തലില്‍ നിന്ന്‌ തീര്‍ഥാടകരെ മാറ്റുന്ന പതിവുണ്ടായിരുന്നു.

എന്നാല്‍, ഇപ്രാവിശ്യം തിരക്ക്‌ അഭൂതപൂർവ്വമായിവര്‍ധിച്ചതിനാല്‍ അതിനു കഴിഞ്ഞില്ല. ഒടുവില്‍ തങ്കയങ്കി ഘോഷയാത്രയ്‌ക്കു മാത്രം കടന്നുപോകാന്‍ കഴിയും വിധം വടം കെട്ടി വഴിയൊരുക്കുകയായിരുന്നു പോലീസ്‌. വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം, വലിയ കാണിക്കയുടെ മുന്‍വശം, വാവര്‍ നടയുടെ മുന്‍വശം, മാളികപ്പുറം ക്ഷേത്രത്തിന്‌ മുന്നിലെ തുറസായ സ്‌ഥലങ്ങള്‍ എന്നിവ തീര്‍ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു.
തങ്കയങ്കി ഘോഷയാത്ര പതിനെട്ടാംപടി കയറിയതോടെ ഘോഷയാത്രയ്‌ക്ക്‌ കടന്ന്‌ വരാന്‍ ഒഴിച്ചിട്ട ഭാഗങ്ങളിലേക്ക്‌ തീര്‍ഥാടകര്‍ ഇരച്ചെത്തി.
ഇരുമുടികെട്ടുമായി എത്തിയവര്‍ സ്‌റ്റാഫ്‌ ഗെയ്‌റ്റിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചത്‌ തിക്കിനും തിരക്കിനും ഇടയാക്കി. മകരവിളക്കിന്‌ അനുഭവപ്പെടുന്നതിനേക്കാള്‍ വലിയ തിരക്കിനാണ്‌ സന്നിധാനം സാക്ഷ്യം വഹിച്ചത്‌. തങ്കയങ്കി ചാര്‍ത്തി ദീപാരാധനയ്‌ക്കു ശേഷം ദര്‍ശനത്തിനായുള്ള തീര്‍ഥാടക നിര മരക്കൂട്ടം വരെ എത്തിയിരുന്നു. വലിയ നടപ്പന്തലിലെ പ്രധാന വരിയിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ്‌ അവിടെ നിന്ന്‌ നീക്കി. സന്നിധാനത്ത്‌ നില്‍ക്കാന്‍ ഇടമുള്ള സ്‌ഥലങ്ങള്‍ എല്ലാം തീര്‍ഥാടകര്‍ നേരത്തെ കൈയടക്കിയിരുന്നു.
തങ്കയങ്കി ഘോഷയാത്രയ്‌ക്ക്‌ വഴി ഒരുക്കുന്നതിനായി പകല്‍ മൂന്ന്‌ മുതല്‍ പമ്ബയില്‍ തീര്‍ഥാടകരെ തടഞ്ഞിരുന്നു. ഇവരുടെ സന്നിധാനത്തേക്കുള്ള ഒഴുക്ക്‌ രാത്രി ഏറെ വൈകിയും തുടര്‍ന്നു.

Facebook Comments Box