Kerala News

ഒരിടവേളയ്ക്കു ശേഷം വീണ്ടും മുദ്രപ്പത്രം കിട്ടാതായതോടെ ജനങ്ങൾ വെട്ടിലായി

Keralanewz.com

ഒരിടവേളയ്ക്കു ശേഷം വീണ്ടും മുദ്രപ്പത്രം കിട്ടാതായതോടെ ജനങ്ങൾ വെട്ടിലായി. പലവിധ ആവശ്യങ്ങൾക്കായി ചെറിയ തുകയുടെ മുദ്രപ്പത്രങ്ങൾ അന്വേഷിച്ചിറങ്ങുന്നവർക്ക് നിരാശയോടെ മടങ്ങേണ്ടി വരുന്നു. അമ്പത്, നൂറ് മുദ്രപ്പത്രങ്ങൾ കിട്ടാതായിട്ട് ആഴ്ചകളായി. അത്തരം പത്രങ്ങൾക്കായി വരുന്നവർ ഇരുനൂറിന്റെയും അഞ്ഞൂറിന്റെയുമെല്ലാം പത്രങ്ങൾ വാങ്ങുകയായിരുന്നു. എന്നാൽ, ഒരാഴ്ചയായി ആയിരത്തിന്റെ മുദ്രപ്പത്രം പോലും കിട്ടാനില്ല.

തിങ്കളാഴ്ചയോടെ ആയിരത്തിനു മുകളിലുള്ള പത്രങ്ങളും തീർന്നു. ഇപ്പോൾ ഒട്ടുമിക്ക വെൻഡർമാരുടെ കൈയിലും അയ്യായിരത്തിനു മുകളിലുള്ള പത്രങ്ങളാണ് ഉള്ളത്. ഇതിനു മുമ്പും മുദ്രപ്പത്ര ക്ഷാമം ഉണ്ടായിട്ടുണ്ട്. അതിന് പരിഹാരമായി സർക്കാർ തുടങ്ങിയ ഇ-സ്റ്റാമ്പിങ് സംവിധാനം സർക്കാർ നിർത്തിയതും തിരിച്ചടിയായി.

മുദ്രപ്പത്രം കിട്ടാതായതോടെ ആധാരമെഴുത്തുകാരും പണി നടക്കാതെ വിഷമിക്കുകയാണ്. ഓഫീസിൽ വരുന്നവരെ മടക്കി അയയ്ക്കേണ്ടി വരുന്നത് തങ്ങളുടെ വരുമാനത്തെയും ബാധിക്കുന്നതായി ആധാരമെഴുത്തുകാർ പറയുന്നു.

സെറ്റിൽമെന്റ് ആധാരം, ദാനാധാരം, ഭാഗാധാരം തുടങ്ങിയവയ്ക്കെല്ലാം ആയിരത്തിന്റെയും അഞ്ഞൂറിന്റെയുമെല്ലാം പത്രങ്ങൾ വേണം. വാടകച്ചീട്ട്, പണയ ഉടമ്പടി, ജനന-മരണം, വിവാഹം തുടങ്ങിയവ എഴുതാൻ കുറഞ്ഞ തുകയുടെ മുദ്രപ്പത്രങ്ങളാണ് വേണ്ടത്. എന്നാൽ, അത് കിട്ടാനേയില്ല. കൂടിയ തുകയുടേതു വാങ്ങി കാര്യം നടത്താമെന്നുെവച്ചാലും നടക്കാതായതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്

Facebook Comments Box