Thu. Apr 25th, 2024

ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും; ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍

By admin Aug 10, 2021 #news
Keralanewz.com

തിരുവനന്തപുരം: ഇ ബുള്‍ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്

ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്താന്‍ ഇ ചലാന്‍ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാല്‍ പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാല്‍ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാന്‍ ആകില്ലെന്നും ഇ ബുള്‍ ജെറ്റിനെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആള്‍ട്ടറേഷനുകള്‍ എല്ലാം മാറ്റി വന്നില്ലെങ്കില്‍ ആര്‍സി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു

ഇന്നലെയാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കളക്ടറേറ്റില്‍ ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍നടപടികള്‍ക്കായി ഇവരോട് തിങ്കളാഴ്ച രാവിലെ ഓഫീസില്‍ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ഇവരെ റിമാന്‍ഡ് ചെയ്തു

Facebook Comments Box

By admin

Related Post