തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ചതായി പരാതി
ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിത് വിദ്യാര്‍ഥിയെ മൂത്രം കുടിപ്പിച്ചതായി പരാതി.തിരുച്ചിറപ്പള്ളിയിലെ തമിഴ്‌നാട് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയിലെ ദളിത് വിദ്യാര്‍ഥിയെ സഹപാഠികള്‍ മൂത്രം കുടിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്

സഹപാഠികള്‍ ചേര്‍ന്ന് നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചെന്നാണ് അവസാനവര്‍ഷ നിയമവിദ്യാര്‍ഥിയും കടലൂര്‍ സ്വദേശിയുമായ 22-കാരൻ പരാതി നല്‍കിയത്.സംഭവത്തില്‍ അന്വേഷണത്തിനായി മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ ഉള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചതായും 18-ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രജിസ്ട്രാര്‍ എസ്.എം. ബാലകൃഷ്ണൻ അറിയിച്ചു.
ഈ മാസം ആറിന് കോളേജിലെ അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ സംഗമത്തിനിടെയാണ് സംഭവം.ചടങ്ങിനിടെ ധര്‍മപുരി, രാമനാഥപുരം ജില്ലകളില്‍നിന്നുള്ള രണ്ട് സഹപാഠികള്‍ മൂത്രം കലര്‍ത്തിയ ശീതളപാനീയം കുടിപ്പിക്കുകയായിരുന്നു. അടുത്ത ദിവസമാണ് താൻ കബളിപ്പിക്കപ്പെട്ടതായി വിദ്യാര്‍ഥി മനസ്സിലാക്കിയത്. ഉടൻ പരാതി നല്‍കുകയായിരുന്നു. അന്വേഷണസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും പോലീസില്‍ പരാതിപ്പെടുമെന്നും രജിസ്ട്രാര്‍ പറഞ്ഞു.