Kerala NewsLocal News

മകളെ മണ്ഡപത്തിലേക്ക് ആനയിച്ച്‌ സുരേഷ്ഗോപിയും കുടുംബവും; വരണമാല്യം കൈമാറിയത് മോദി; സാന്നിദ്ധ്യമായി മമ്മൂട്ടിയും മോഹന്‍ലാലും

Keralanewz.com

ഗുരുവായൂര്‍: രാഷ്ട്രീയ പ്രധാന്യമുള്ള പ്രമുഖരുടേയും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളുടെയും സാന്നിദ്ധ്യത്തില്‍ സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹചടങ്ങ് നടന്നു.

സിനിമാമേഖലയില്‍ നിന്നും സുരേഷ്‌ഗോപിക്ക് വളരെ അടുപ്പമുള്ള മോഹന്‍ലാലും മമ്മൂട്ടിയും ദിലീപും ബിജുമേനോനും നടി ഖുശ്ബുവുമെല്ലാം സാക്ഷികളായ താലികെട്ട് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യമായിരുന്നു ഏറ്റവും സവിശേഷത.

നേരത്തെ നിശ്ചയിച്ചതിലും അല്പം വൈകിയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തിയത്. ദര്‍ശന ശേഷം 8.45 ഓടെ ക്ഷേത്രം കിഴക്കെ നടയിലെ വിവാഹ മണ്ഡപത്തില്‍ അദ്ദേഹമെത്തി. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും മാവേലിക്കര സ്വദേശി മോഹൻ ശ്രീദേവി ദമ്ബതികളുടെ മകൻ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹച്ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. തന്ത്രി ചേന്നാസ് ദിനേശൻ നമ്ബൂതിരിപ്പാട് വധൂവരൻമാര്‍ക്കണിയാനുള്ള മാല പ്രധാനമന്ത്രിക്ക് നല്‍കി. തുടര്‍ന്ന് പ്രധാനമന്ത്രിയാണ് വരനും വധുവിനും മാല കൈമാറിയത്.അല്പനേരം ചടങ്ങിന്റെ കാരണവ സ്ഥാനം അലങ്കരിച്ചായിരുന്നു പ്രധാനമന്ത്രി മണ്ഡപത്തില്‍ നിന്നിറങ്ങിയത്. ഇതേ സമയം മറ്റു മണ്ഡപത്തിലെ വധൂവരൻമാരെയും പ്രധാനമന്ത്രി ആശിര്‍വദിച്ചു.

സുരേഷ്‌ഗോപിയും നടനും മകനുമായ ഗോകുല്‍ സുരേഷും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളായിരുന്നു വധു ഭാഗ്യാസുരേഷിനെ മണ്ഡപത്തിലേക്ക് ആനയിച്ചത്. വധുവരന്മാരായ ഭാഗ്യയ്ക്കും ശ്രേയസിനും മധുരവും നല്‍കി.

ഗുരുവായൂരിലെ തന്നെ മണ്ഡപത്തിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ നടക്കുന്ന റിസിപ്ഷനില്‍ സിനിമയിലെ സംവിധായകരും നിര്‍മ്മാതാക്കളും നടീനടന്മാരുമായി അനേകര്‍ പങ്കെടുക്കും. രാവിലെ ആറു മണിയോടെ കൊച്ചിയില്‍ നിന്നും ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലിപാഡില്‍ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ഗസ്റ്റ് ഹൗസിലേക്ക് പോയി. അവിടെ വിശ്രമിച്ച ശേഷം വസ്ത്രം മാറി കനത്ത സുരക്ഷയിലായ ക്ഷേത്രപരിസരത്തേക്ക് ഇലക്‌ട്രിക് വാഹനത്തിലായിരുന്നു എത്തിയത്. തുടര്‍ന്ന് 20 മിനിറ്റോളം നേരം ക്ഷേത്രദര്‍ശനവും താമരമൊട്ട് തുലാഭാരം അടക്കമുള്ള വഴിപാടും നടത്തിയ ശേഷമായിരുന്നു വിവാഹവേദിയിലേക്ക് എത്തിയത്.

രാവിലെ 10മണി കഴിഞ്ഞ് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തുന്നുണ്ട്. ഇവിടെ മീനൂട്ട് ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയ ശേഷം 12 മണിയോടെ കൊച്ചിയില്‍ തിരിച്ചെത്തി ഷിപ്പ്യാര്‍ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികള്‍.

Facebook Comments Box