കേരള സർക്കാരിന്റെ ഡല്‍ഹി സമരം നേട്ടമായെന്നു സി.പി.എം;കോൺഗ്രസിന് തിരിച്ചടിയെന്നും വിലയിരുത്തല്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ സംസ്ഥാനത്തോടുള്ള അവഗണനയ്‌ക്കെതിരേ ഡല്‍ഹിയില്‍ നടത്തിയ സമരം രാഷ്‌ട്രീയമായി നേട്ടമായി എന്ന വിലയിരുത്തലില്‍ സി.പി.എം.

ഇതിന്റെ ചുവടുപിടിച്ചുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാനാണു പാര്‍ട്ടിയുടെ നീക്കം.
സമരം മൂന്നുതരത്തില്‍ ഗുണം ചെയ്‌തെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്. ഏറ്റവും പ്രധാനം ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരായ പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ സി.പി.എമ്മും ഇടതുകക്ഷികളുമാണെന്ന ചിന്ത പ്രചരിപ്പിക്കാനായെന്നാണ് അവര്‍ പറയുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കാശ്‌മീര്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള സംസ്‌ഥാനങ്ങളിലെ കക്ഷികള്‍ എത്തിച്ചേര്‍ന്നത് ഇതിന് ആക്കം നല്‍കുന്നതാണ്. പ്രതിപക്ഷഐക്യം എന്ന ചര്‍ച്ചയ്‌ക്കു സമരം കൂടുതല്‍ ബലംനല്‍കിയെന്നാണ് അവരുടെ അവകാശവാദം.

കോണ്‍ഗ്രസിന് ദേശീയതലത്തില്‍ തന്നെ ഇതു തിരിച്ചടിയായിട്ടുമുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാട് മൂലമാണത്രേ ബി.ജെ.പിക്കെതിരായ പ്രതിഷേധത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.
കോണ്‍ഗ്രസിന് അതു ന്യായീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്നാണു സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ഇത് ഇല്ലാതാക്കാനാണ് കേരളത്തിന്റെ പ്രതിഷേധത്തിന് ഒരുദിവസം മുന്‍പ് കര്‍ണാടക സര്‍ക്കാരിനെകൊണ്ട് ഡല്‍ഹിയില്‍ ഒരു സമരം നടത്തിച്ചതെന്നും സി.പി.എമ്മിന് അഭിപ്രായമുണ്ട്. എന്നാല്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ നടക്കുന്ന ഏത് പ്രതിഷേധവും സ്വാഗതാര്‍ഹമായതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനും അവര്‍ തയാറല്ല. ഈ ജാള്യതമറയ്‌ക്കാനാണത്രേ സമരത്തില്‍ പങ്കെടുത്തില്ലെങ്കിലും മല്ലികാര്‍ജുന്‍ ഖാര്‍ഗേ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയനേതാക്കള്‍ സമരത്തെ പിന്തുണച്ച് പ്രസ്‌താവനകള്‍ ഇറക്കിയത്.
സമരത്തില്‍നിന്നും വിട്ടുനില്‍ക്കാന്‍ സംസ്‌ഥാന കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതോടെ സംസ്‌ഥാനത്ത് ബി.ജെ.പി-കോണ്‍ഗ്രസ് സഖ്യമെന്ന വാദത്തിനു കരുത്തുപകര്‍ന്നിട്ടുണ്ടത്രേ.
എല്ലാത്തിനുപരിയായി കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന കേസ് ഈ മാസം അവസാനത്തോടെ സുപ്രീംകോടതി വീണ്ടും പരിഗണിക്കുകയാണ്. കേരളത്തിന്റെ വായ്‌പാപരിധി വെട്ടിക്കുറച്ചുതുള്‍പ്പെടെയുള്ള വിഷയങ്ങളാണു പരിഗണിക്കുന്നത്. കേസ് പരിഗണിക്കാനിരികെ രാജ്യത്തെ ഫെഡറല്‍ ഘടനയ്‌ക്ക് കോട്ടം വരുത്തുന്ന നടപടികളാണ് കേന്ദ്രത്തില്‍നിന്നുണ്ടാകുന്നതെന്ന ഒരു പൊതുധാരണ പരത്താനും ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണു സി.പി.എം. വിശ്വാസം. സമരത്തിന് മുന്‍പുവരെ കേന്ദ്രത്തിനെ മാത്രം അനുകൂലിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്ന ദേശീയമാധ്യമങ്ങള്‍ക്ക് പോലും ഫണ്ട് നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടേണ്ടിവന്നത് ഇതിന്റെ ഭാഗമാണെന്നും സി.പി.എം. കരുതുന്നു.