ഡെപ്പോസിറ്റുകാര്‍ക്ക് ബാഗ് നല്‍കാനെന്ന പേരില്‍ പണാപഹരണം ; ബാങ്ക് സെക്രട്ടറിയും ബോര്‍ഡ് അംഗവും ജയിലിലേക്ക്
പുത്തൂർ സഹരണബാങ്കില്‍ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവർക്ക് നല്‍കാൻ ബാഗുകള്‍ വിതരണം ചെയ്യാനെന്ന പേരില്‍ ബാങ്കില്‍ നിന്നും പണാപഹരണം നടത്തിയ സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി.
3 വർഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയുമാണ് ഇവർക്ക് കോടതി വിധിച്ചത്.
തൃശൂർ വിജിലൻസ് കോടതി ജഡ്ജി ജി അനില്‍ ബാങ്ക് സെക്രട്ടറി പുരുഷോത്തമൻ, ഭരണ സമിതി അംഗമായിരുന്ന ഓമന ജോണി എന്നിവരെയാണ് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവത്തില്‍ പ്രസിഡന്റ് സുരേഷിനെ വെറുതെ വിട്ടു. സ്ഥിരനിക്ഷേപം നടത്തിയ ആളുകള്‍ക്ക് വിതരണം ചെയ്യാൻ ബാഗ് മേടിച്ചു എന്ന് കാണിച്ച് വ്യാജബില്ലുണ്ടാക്കി 88,000 രൂപ തട്ടിയെടുത്തെന്നാണ് കോടതി കണ്ടെത്തിയത്. തനിക്ക് പരിചയമുള്ള ഒരു ബാഗ് നിർമാണ ഷോപ്പിന്റെ വ്യാജ ബില്‍ ഓമന ജോണിയാണ് ഹാജരാക്കിയത്. പ്രോസിക്യൂട്ടർ ഇ ആർ സ്റ്റാലിനാണ് വിജിലൻസിനു വേണ്ടി ഹാജരായത്.