വജ്രത്തിന് പകരം ‘വ്യാജൻ’ വെച്ചു; ജോയി ആലുക്കാസില്‍ നിന്നും 75 ലക്ഷത്തിന്റെ മോതിരം തട്ടിയ കള്ളനെ തപ്പി പൊലീസ്
ബംഗളൂരു: ഫെബ്രുവരി 18 ന് സെൻട്രല്‍ ബെംഗളൂരുവിലെ ജോയ്‌ആലുക്കാസ് ജ്വല്ലറി ഷോറൂമില്‍ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന സോളിറ്റയർ ഡയമണ്ട് മോതിരം മോഷ്ടിച്ച കള്ളനായി പൊലീസിന്റെ തിരച്ചില്‍ ഊർജ്ജിതം.
വ്യാജ മോതിരം ഉപയോഗിച്ച് അതിസമർത്ഥമായ രീതിയില്‍ ജ്വല്ലറി ജീവനക്കാരെ കബളിപ്പച്ചത് ഒരു താടിക്കാരനായ വയോധികനാണെന്നാണ് സൂചന.
ഫെബ്രുവരി 20 ന് ഷോറൂം മാനേജർ ഷിബിൻ വി എം നല്‍കിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഷോറൂമില്‍ നടത്തിയ ഇൻവെന്ററി പരിശോധനയിലാണ് സോളിറ്റയർ ഡയമണ്ട് മോതിരത്തിന് പകരം വ്യാജ ഡയമണ്ട് മോതിരം കണ്ടെത്തിയത്. ഫെബ്രുവരി 18ന് ഇടപാടുകാരന്റെ വേഷത്തില്‍ കടയിലെത്തിയ വയോധികൻ സോളിറ്റയർ ഡയമണ്ട് മോതിരത്തില്‍ താല്‍പര്യം കാണിച്ചെങ്കിലും വാങ്ങിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ജ്വല്ലറി അധികൃതർ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടാവ് വ്യാജ ഡയമണ്ട് മോതിരം വെച്ച ശേഷം യഥാർത്ഥ മോതിരം മാറ്റിയെടുത്തതാണെന്നാണ് ജ്വല്ലറി അധികൃതരുടെ ആഭ്യന്തര അന്വേഷണത്തിലൂടെയുള്ള നിഗമനം. ഫെബ്രുവരി 17, 18 തീയതികളില്‍ കിഴക്കൻ ബംഗളൂരുവിലെ ജോയ്‌ആലുക്കാസ് ഷോറൂമുകളില്‍ ഇയാള്‍ എത്തിയിരുന്നതായും സംശയിക്കുന്നു. എന്നാല്‍ അവിടെ പ്രത്യേക സോളിറ്റയർ ഡയമണ്ട് മോതിരം സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തട്ടിപ്പ് നടത്താൻ സാധിച്ചില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 18ന് വൈകിട്ട് ആറ് മണിയോടെയാണ് ഇയാള്‍ ഷോറൂമിലെത്തിയതെന്ന് സെൻട്രല്‍ ബെംഗളൂരു പൊലീസ് സ്റ്റേഷനില്‍ ജ്വല്ലറി അധികൃതർ നല്‍കിയ പരാതിയില്‍ പറയുന്നു. സോളിറ്റയർ ഡയമണ്ട് മോതിരം വാങ്ങാൻ ആഗ്രഹിക്കുന്ന ഇടപാടുകാരനെ സഹായിക്കാൻ ജിമ്മി റോയ് എന്ന സ്റ്റോർ ജീവനക്കാരനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
സ്റ്റോർ ജീവനക്കാരൻ പല പല ഡിസൈനുകള്‍ കാണിച്ചെങ്കിലും, സംശയിക്കപ്പെടുന്നയാള്‍ തൃപ്തനാകാതെ കൂടുതല്‍ ഡിസൈനുകള്‍ കാണാൻ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ ഡിസൈനുകള്‍ പുറത്തെടുക്കാൻ സ്റ്റോർ ജീവനക്കാരൻ പിന്മാറിയപ്പോള്‍ സോളിറ്റയർ ഡയമണ്ട് മോതിരം ഇയാള്‍ മാറ്റിയതായാണ് ഷോറൂം മാനേജരുടെ പരാതിയില്‍ പറയുന്നത്. കുറച്ച് സമയത്തിന് ശേഷം, സ്റ്റോർ ജീവനക്കാരൻ ഇടപാടുകാരന്റെ ആധാർ, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയല്‍ വിശദാംശങ്ങള്‍ തേടി. ഈ സമയത്ത്, യഥാർത്ഥ ഡയമണ്ട് മോതിരവുമായി വ്യക്തി കടയില്‍ നിന്നും കടന്നുകളയുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പിറ്റേന്ന് ജീവനക്കാർ സാധനസാമഗ്രികള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ഡയമണ്ട് മോതിരം കണ്ടെത്തിയത്. തട്ടിപ്പിനായി ഇയാള്‍ മറ്റ് ഷോറൂമുകളില്‍ എത്തിയിട്ടുണ്ടോ എന്നറിയാൻ ബെംഗളൂരുവിലും പരിസരത്തുമുള്ള മറ്റ് ഷോറൂമുകളില്‍ പരിശോധിച്ച് ആളെ തിരിച്ചറിയാൻ ശ്രമിച്ചു. ഇതിലൂടെയാണ് ഫെബ്രുവരി 17ന് വൈകിട്ട് 5.30ന് മാറത്തഹള്ളി ഷോറൂമിലും 18ന് ഉച്ചയ്ക്ക് 2ന് കമ്മനഹള്ളി ഷോറൂമിലും വിലകൂടിയ സോളിറ്റയർ ഡയമണ്ട് മോതിരം വാങ്ങാൻ ഇയാള്‍ എത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.