Kerala News

എ കെ ജി സെന്ററിലും മറ്റ് പാർട്ടി ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിപിഎം

Keralanewz.com

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയർത്തിയത്. പതാക ഉയർത്തലിൽ ആഘോഷം അവസാനിക്കില്ലെന്നും, ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ സ്വാതന്ത്ര്യം അകലെയാണെന്ന നിലപാടിലായിരുന്നു സിപിഎം ഇതുവരെ. അതിനാല്‍ തന്നെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് പാര്‍ട്ടി പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ആര്‍എസ്എസ് ദേശീയതാവാദവുമായി രംഗത്ത് വന്നതോടെ ഇതിനെ നേരിടാനുള്ള മാര്‍ഗമെന്ന നിലയില്‍ ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.

സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് വിജയരാഘവൻ മറുപടി നൽകി. 1947 ഓഗസ്റ്റ് 15ന് സംസ്ഥാന ഓഫീസിന് മുൻപിൽ ദേശീയ പതാക ഉയർത്തിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് സുധാകരൻ കമ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും കണ്ണൂരില്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും പതാക ഉയര്‍ത്തി. സിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാര്‍ പതാക ഉയര്‍ത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് നടക്കുന്നത്.

Facebook Comments Box